g-sudhakaran

ആലപ്പുഴ: തന്ത്രിമാരുടെയും പൂജാരിമാരുടെയും വസ്ത്രധാരണം സംബന്ധിച്ച് താൻ പറഞ്ഞത് അവർക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് പിൻവലിക്കുന്നുവെന്ന് ജി. സുധാകരൻ. പൂജാരിമാർ അടിവസ്ത്രം ധരിക്കാറില്ലെന്ന ജി. സുധാകരന്റെ വാക്കുകൾ ഏറെ വിമർശനം നേരിട്ടിരുന്നു. ശബരിമലയിലെ സമരങ്ങളുമായി ബന്ധപ്പെട്ട് യുവതികൾ പ്രവേശിച്ചാൽ നടയടച്ചിറങ്ങുമെന്ന ശബരിമല തന്ത്രിയുടെ അഭിപ്രായത്തെയും മന്ത്രി വിമർശിച്ചിരുന്നു. ശബരിമലയിൽ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന ആരോപണം മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കവെയാണ് പൂജാരിമാരുടെ വസ്ത്രധാരണം വാക്കുകൾ വിഷമമായെങ്കിൽ പിൻവലിക്കുന്നു വെന്ന് അദ്ദേഹം പറഞ്ഞത്.

ശബരിമലയെ ഈ രീതിയിൽ ആക്കിയവർക്ക് വോട്ടു കിട്ടുമെന്ന് കരുതേണ്ടെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഏറ്റവും മോശമായ നെഗറ്റീവ് പൊളിറ്റിക്സ് ആണ് ബി.ജെ.പി പയറ്റുന്നത്. ശബരിമലയിൽ വാക്കേറ്റവും കയ്യാങ്കളിയും ഇതിനുമുമ്പ് കാണിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും ധൈര്യപ്പെട്ടിട്ടില്ല. ഏതു പാർട്ടിയാണോ ഇപ്പോൾ കാണിക്കുന്നത് അവർ അനുഭവിക്കുമെന്നാണ് തന്റെ മനസ് പറയുന്നത്.ശബരിമലയിൽ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. അവിടെ ബഹളമുണ്ടാക്കുന്നവരെയാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിൽ രാഷ്ട്രീയക്കാർ വിശ്വാസികളായി വരുന്നതിൽ വിരോധമില്ല. രാഷ്ട്രീയാടിസ്ഥാനത്തിൽ പോയാൽ അത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാർട്ടികളുടെ വേദിയല്ല ശബരിമല. ഒരു കാരണവശാലും അവിടെ സമരം പാടില്ല.