കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരിൽ തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. കേസിൽ ആദ്യം അറസ്റ്റിലായ സുധീഷിന്റെ വീടിന് നേരയാണ് ആക്രമണം.
കേസിൽ പ്രതിയായ രമേശിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. കൂടാതെ കേസിൽ പ്രതിയായ മറ്റൊരാളുടെ വീട് കഴിഞ്ഞ ദിവസം അടിച്ചുതകർത്തിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം സ്റ്റീൽ ബോംബ് കണ്ടെത്തിയിരുന്നു. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിവരുന്നുണ്ട്.
പി.മോഹനന്റെ മകൻ ജൂലിയസ് നികിതാസ്, ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോ മനോമിയെയും ഹർത്താലിന്റെ മറവിലാണ് ആസുത്രിതമായി ആക്രമിച്ചത്. കക്കട്ടിൽ അമ്പലകുളങ്ങരയിൽ വച്ചുണ്ടായ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയും ആയുധങ്ങളുമായെത്തിയ സംഘം ആക്രമിച്ചിരുന്നു.