amit-sha

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി. കെ.സുരേന്ദ്രനെയും കുറച്ച് ബി.ജെ.പി നേതാക്കളെയും അറസ്‌റ്റ് ചെയ്‌തത് കൊണ്ട് കേരളത്തിലെ ജനമുന്നേറ്റത്തെ തടുക്കാനാവില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ബി.ജെ.പി എപ്പോഴും അയ്യപ്പഭക്തന്മാർക്കൊപ്പമാണ്. വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞങ്ങൾ നെഞ്ചോട് ചേർത്ത് വയ്‌ക്കുമെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

ശബരിമല പോലുള്ള ഇത്രയും വൈകാരിക വിഷയം പിണറായി വിജയൻ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കാതെ കേരള പൊലീസ് തീർത്ഥാടകരെയും കുട്ടികളെയും പ്രായമായ സ്ത്രീകളെയും വരെ ബുദ്ധിമുട്ടിലാഴ്‌ത്തുകയാണ്. അയ്യപ്പന്മാരുടെ വിശ്രമ സ്ഥലത്ത് വെള്ളം തളിക്കുകയും രാത്രിയിൽ അവരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ലെന്നുമാണ് റിപ്പോർട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌ത മൂലം പന്നികളുടെ അവശിഷ്‌ടങ്ങൾക്കൊപ്പവും മാലിന്യക്കൂമ്പാരത്തിലുമാണ് പല തീർത്ഥാടകരും ഉറങ്ങുന്നത്. പിണറായി വിജയൻ തീർ‌ത്ഥാടകരോട് തടവുകാരെപ്പോലെ പെരുമാറരുത്. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാൻ എൽ.ഡി.എഫിനെ അനുവദിക്കില്ലെന്നും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.