ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെ കുറിച്ചുള്ള പരാതികൾ കേട്ടറിഞ്ഞ് സത്യാവസ്ഥയറിയാൻ നേരിട്ടെത്തിയതാണ് കേന്ദ്രമന്ത്രിയും മലയാളിയുമായ അൽഫോൺസ് കണ്ണന്താനം. പമ്പയിലും, സന്നിധാനത്തും ഏറെ നേരം ചെലവിട്ട അദ്ദേഹം ഭക്തരോട് നേരിട്ട് സംവദിക്കുകയും, അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. വൃത്തിഹീനമായ ശുചിമുറിയും, മാലിന്യം കുന്ന്കൂടിയ സ്ഥലങ്ങളും കണ്ട അദ്ദേഹം അതെല്ലാം എത്രയും പെട്ടെന്ന് മാറ്റണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി.
എന്നാൽ കണ്ണന്താനത്തിന്റെ സന്ദർശനത്തിൽ ദർശനത്തിനെത്തിയ തമിഴ് സംഘത്തിനോട് അദ്ദേഹം സംവദിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ധനമന്ത്രിയായ തോമസ് ഐസക്. പമ്പയിൽ തമിഴ് സംഘത്തിനോട് കുശലാന്വേഷണം നടത്തുന്ന കേന്ദ്ര മന്ത്രിയുടെ ചോദ്യങ്ങൾക്ക് തങ്ങൾ സന്തോഷത്തോടെയാണ് ഇവിടെ നിൽക്കുന്നതെന്നും, ശബരിമലയിലെ സൗകര്യങ്ങളുടെ കാര്യത്തിൽ തൃപ്തരാണെന്നുമുള്ള മറുപടിയാണ് കിട്ടിയത്. ഇത് കേട്ടു കഴിഞ്ഞതും അവിടെ നിന്നും കണ്ണന്താനം പെട്ടെന്ന് നടന്ന് നീങ്ങുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. പ്രതീക്ഷിച്ച പ്രതികരണം തമിഴ് തീർത്ഥാടകരിൽ നിന്ന് അൽഫോൺസ് കണ്ണന്താനത്തിന് ലഭിച്ചില്ലെന്നും എന്നാൽ ഇത് സർക്കാരിന് ലഭിച്ച ഏറ്റവും വലിയ സർട്ടിഫിക്കറ്റാണെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ വീഡിയോയ്‌ക്കൊപ്പം കുറിക്കുന്നു.