റായ്‌പൂർ:ഛത്തീസ്ഗഢിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ചത്തീസ്ഗഢിൽ നിയമസഭാ തിരഞ്ഞടുപ്പ് നടക്കുന്നത്. 72 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ആദിവാസി മേഖലയായ സജുഗയിലെ 14 മണ്ഡലങ്ങൾ രണ്ടാംഘട്ടത്തിൽ കോൺഗ്രസിനും, ബി.ജെ.പിക്കും നിർണായകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി തുടങ്ങിയവർ ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. നാലാം വട്ടവും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബി.ജെ.പി 65 സീറ്റിൽ കൂടുതൽ പ്രതീക്ഷിക്കുന്നു.
വിധിയെഴുത്തിലെ പരമ്പരാഗത ശീലങ്ങൾ വിടാതെ പിന്തുടരുന്നതിനാൽ വർണവും അവർണവുമൊക്കെ ജനവിധിയിൽ നിർണായക സ്വാധീനം ചെലുത്തും. കോൺഗ്രസിനെ പിന്തുണച്ചിരുന്നവരിൽ 65 ശതമാനവും ദളിതരാണ്. സവർണരും പിന്നാക്ക വിഭാഗക്കാരുമാണ് ബി.ജെ.പിയെ പിന്തുണച്ചിരുന്നത്. പതിനഞ്ചു വർഷമായി പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് തിരിച്ചുവരവ് ആഗ്രഹിക്കുന്നു. അതുപോലെ കോൺഗ്രസിൽ നിന്നു വിട്ടുപോയ അജിത് ജോഗി രൂപീകരിച്ച ഛത്തീസ്ഗഢ് ജനതാ കോൺഗ്രസും മായാവതിയുടെ ബി. എസ്. പിയും സി. പി. ഐയും ഒന്നിച്ചു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഹെലികോപ്‌റ്ററുകൾ, ഡ്രോണുകൾ എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8ന് ആരംഭിച്ച പോളിംഗ് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.