cm-pinarayi-vijayan

തിരുവനന്തപുരം: സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. തങ്ങളുടെ നേട്ടങ്ങൾക്ക് വേണ്ടി ശബരിമലയിൽ ചില അജണ്ടകൾ നടപ്പിലാക്കാനാണ് സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നത്. ആചാര സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ തന്നെ ആചാരങ്ങൾ ലംഘിക്കുകയാണ്. ശബരിമല തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനാണ് ഹരിവരാസനം പാടി നടയടച്ചതിന് ശേഷം ആസൂത്രിതമായി പ്രതിഷേധം സംഘടിപ്പിച്ചത്. തങ്ങൾ ഭക്തരാണെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തെത്തിയവരെല്ലാം ആർ.എസ്.എസിന്റെ പ്രമുഖ നേതാക്കളാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമരത്തിൽ പങ്കെടുത്ത ആർ.എസ്.എസ്, സംഘപരിവാർ നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

സ്ത്രീ പ്രവേശനത്തിനെതിരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആർ.എസ്.എസ് , ബി.ജെ.പി പ്രവർത്തകർ സമരം നടത്തുന്നത് എന്തിനാണെന്ന് വ്യക്തമാണ്. കോൺഗ്രസുകാരും ആർ.എസ്.എസ് നിലപാടിനൊപ്പം നിൽക്കുന്നത് ദൗർഭാഗ്യകരമാണ്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ശബരിമലയിൽ പ്രതിഷേധമുണ്ടായപ്പോൾ പൊലീസ് പരമാവധി സംയമനം പാലിച്ചു. ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന നിലയിലെത്തിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. ശബരിമലയിൽ സംഘർഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി തങ്ങളുടെ പ്രവർത്തകരെ എത്തിക്കുന്നത്. ഓരോ മണ്ഡലത്തിൽ നിന്നും പരമാവധി പ്രവർത്തകരെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ഒപ്പിട്ട ഒരു സർക്കുലർ കഴിഞ്ഞ ദിവസം എല്ലാവരും കണ്ടതാണല്ലോ. പ്രശ്‌നമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഇക്കൂട്ടർ ഭക്തരല്ലെന്ന് നാട്ടുകാർക്ക് മനസിലാകും. ശബരിമലയെ പിടിച്ചടക്കാനുള്ള കർസേവകരായിട്ടാണ് ഇവരെത്തുന്നത്. സർക്കുലർ പുറത്തായതോടെ സംഘപരിവാറിന്റെ ഗൂഢപദ്ധതി പുറത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല പ്രശ്‌നം സുവർണാവസരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞത് നേരത്തെ എല്ലാവരും കണ്ടതാണ്. ഇക്കാര്യം പരസ്യമായി നടപ്പിലാക്കുന്നതാണ് സർക്കുലറിലൂടെ വ്യക്തമാകുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയല്ല മറിച്ച് കമ്മ്യൂണിസ്‌റ്റുകാർക്കെതിരെയാണ് തങ്ങളുടെ സമരമെന്ന് കഴിഞ്ഞ ദിവസം ശ്രീധരൻപിള്ള പറഞ്ഞിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പാവം അയ്യപ്പഭക്തന്മാരെ ബലിയാടാക്കരുതെന്നും സർക്കാരിനെതിരെ സമരം ചെയ്യാൻ വേറെ വേദികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ കാണിക്കയിടരുതെന്ന് ആഹ്വാനം ചെയ്യുന്നവർ തന്നെയാണ് ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും കേന്ദ്രനേതാക്കൾ സുപ്രീം കോടതി വിധിക്ക് അനുകൂലമാണ്. എന്നാൽ കേരളത്തിൽ മാത്രമാണ് ചിലർക്ക് പ്രശ്‌നം. ചിത്തിര ആട്ടവിശേഷ സമയത്ത് അക്രമം നടത്തിയവരെ അറസ്‌റ്റ് ചെയ്‌തില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇപ്പോൾ ജൂഡീഷ്യൽ അന്വേഷണം വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങനെ തോന്നുമ്പോൾ തോന്നുന്നത് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തിയ രണ്ട് ഹർത്താലുകളെയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഹർത്താലിനിടെ നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിനുള്ള ശ്രമമുണ്ടായി. ചില പ്രത്യേക വിഭാഗങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ മാത്രം ആക്രമണം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അടുത്തിടെയുണ്ടായ പ്രളയത്തിൽ പമ്പയിലും മറ്റും കനത്ത നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. ദുരന്തത്തിന് ശേഷം കേരള പുനർ നിർമാണത്തിന് ആദ്യ പരിഗണന കൊടുത്തത് ശബരിമല തീർത്ഥാടനത്തിനാണ്. പ്രളയ ശേഷം 25 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. രാജ്യത്തെ പ്രമുഖ കമ്പനിയെത്തന്നെ ഇവിടെ കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞു. ഇപ്പോൾ നിലയ്‌ക്കൽ ബേസ് ക്യാമ്പാക്കി 9000 തീർത്ഥാടകർക്ക് വിരിവയ്‌ക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വർഷം ശബരിമലയുടെ വികസനത്തിന് 202 കോടിയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. മനുഷ്യ സാധ്യമായ എല്ലാ നിർമാണ പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നടത്തും.

കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെ സംഘപരിവാറുകാർ തുടങ്ങിയിരുന്നു. എന്നാൽ കേരളം ഒറ്റക്കെട്ടായി നിന്നാണ് അതിനെ നേരിട്ടത്. ലോകമാകെയുള്ള മലയാളികൾ സംഘപരിവാറിന് മറുപടി നൽകാൻ ഒരുമിച്ച് നിന്നു. പ്രളയകാലത്ത് നമ്മൾ കാണിച്ചതും രാജ്യത്തിന് മാതൃകയാണ്. ചില ആരാധനാലയങ്ങളിൽ എല്ലാ മതവിഭാഗങ്ങളെയും താമസിപ്പിച്ച രീതിയിലുള്ള പ്രവർത്തനമായിരുന്നു പ്രളയകാലത്ത് നടന്നത്. എന്നാൽ ഈ ഐക്യം സംഘപരിവാറിന് ഇഷ്‌ടമല്ല. അതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ശബരിമലയിൽ പോകാൻ തയ്യാറായി ഏതെങ്കിലും യുവതികൾ വന്നാൽ നിലയ്‌ക്കൽ മുതൽ സന്നിധാനം വരെയേ സുരക്ഷ നൽകാൻ കഴിയൂ. എന്നാൽ സർക്കാർ ആരെയും നിർബന്ധിച്ച് ശബരിമലയിൽ പ്രവേശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.