smrithi-irani

ന്യൂഡൽഹി:കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയിൽ 60 വർഷമായിട്ടും കോൺഗ്രസിന് ചെയ്യാൻ കഴിയാത്തതാണ് ബി.ജെ.പി സ‌ർക്കാർ കഴിഞ്ഞ നാല് വർഷം കൊണ്ട് നടപ്പാക്കിയതെന്നും സ്‌മൃതി ഇറാനി അഭിപ്രായപ്പെട്ടു. കുടുംബത്തിന് വേണ്ടി മാത്രം സമർപിക്കപ്പെട്ട പാർട്ടിയാണ് കോൺഗ്രസെന്നും രാജ്യ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ അവർക്ക് മടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

'കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രം സമർപ്പിക്കപ്പെട്ട പാർട്ടിയാണ്. അതിന് എങ്ങനെയാണ് രാജ്യപുരോഗതിക്കും അമേഠിയുടെ വികസനത്തിന് വേണ്ടിയും പ്രവർത്തിക്കാൻ സാധിക്കുക എന്നും സ്‌മൃതി ഇറാനി ചോദിച്ചു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ 77 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സ്‌മൃതി ഇറാനി. അമേഠിയിലെ ജനങ്ങൾക്ക് വാഴക്കന്നുകൾ വിതരണം ചെയ്‌ത രാഹുൽ ഗാന്ധിയുടെ നടപടിയെയും മന്ത്രി പരിഹസിച്ചു. 'വിദേശ ഇനത്തിൽപെട്ട വാഴക്കന്നുകൾ രാഹുൽ ഗാന്ധി ഇവിടുത്തെ കർഷകർക്ക് നൽകിയെന്ന് അറിഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ഒരു വാഴക്കന്നുപോലും നൽകാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. ദാരിദ്ര്യം തുടച്ചുനീക്കാൻ കുറച്ച് വാഴകൾ മാത്രം വച്ചുപിടിപ്പിച്ചിട്ട് കാര്യമില്ലെന്നും സ്‌മൃതി ഇറാനി കുറ്റപ്പെടുത്തി.