ശബരിമല : സന്നിധാനത്തെ ആളിക്കത്തുന്ന അഗ്നിയിലേക്ക് ഭക്തിയോടെ തമിഴ്നാട് സ്വദേശി മണികണ്ഠൻ നാളീകേരമെറിഞ്ഞപ്പോൾ അറിയാതെ കയ്യിലിരുന്ന നോട്ടുകളും കൂടെ പതിച്ചു. അയ്യായിരം രൂപയുടെ നോട്ടുകളാണ് നാളീകേരത്തിനൊപ്പം ആഴിയിൽ വീണത്. എന്നാൽ കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്നും പുണ്യം തേടി എത്തിയ ഭക്തന് വിഷമിക്കേണ്ടി വന്നില്ല. ആഴിയുടെ കമ്പിവേലിക്കെട്ടിനകത്ത് വീണെങ്കിലും നോട്ടുകളെ തീ വിഴുങ്ങിയില്ല. ആഴിക്കടുത്തുണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ഓടി എത്തി അവരുടെ ഉപകരണങ്ങളുപയോഗിച്ച് നോട്ടുകൾ വീണ്ടെടുത്ത് മണികണ്ഠന് തിരികെ നൽകി. ഞായറാഴ്ച രാത്രിയാണ് നാളീകേരത്തിനൊപ്പം മണികണ്ഠന്റെ അയ്യായിരം രൂപയും ആഴിയിൽ വീണത്.