തിരുവനന്തപുരം: സംഘർഷ മേഖലയിൽ നടപ്പിലാക്കുന്നത് പോലെയുള്ള നിരോധനാജ്ഞയല്ല ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലിൽ കൂടുതൽ ആളുകൾ സംഘടിക്കരുതെന്ന നിർദ്ദേശമൊന്നും ശബരിമലയിൽ നൽകാനാവില്ല. അങ്ങനെയെങ്കിൽ ശബരിമലയിൽ ആർക്കും പോകാനാവില്ല. നാല് യു.ഡി.എഫ് നേതാക്കൾ ശബരിമലയിലേക്ക് പോയാൽ അവിടുത്തെ നിരോധനാജ്ഞ ലംഘിക്കാനാവില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പോകുമെന്ന യു.ഡി.എഫ് നേതാക്കളുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ സമാധാനവും മതസൗഹാർദവും തകർക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസിനൊപ്പമാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സമരം ഭക്തിയുടെ ഭാഗമല്ല. ശബരിമലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ശ്രമം. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലും മാദ്ധ്യമ പ്രവർത്തകരെപ്പോലും ക്രൂരമായി ആക്രമിച്ചപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഭക്തർക്ക് സൗകര്യം ഒരുക്കാനാണ് സർക്കാർ ശ്രമിച്ചത്. ആചാര സംരക്ഷണം ആവശ്യപ്പെട്ടവർതന്നെ അത് ലംഘിച്ചു. പ്രശ്നം ഉണ്ടാക്കാൻ എത്തിയവരെയാണ് പൊലീസ് തടഞ്ഞത്. പ്രതിഷേധങ്ങളിലും പ്രകോപനങ്ങളിലും പൊലീസ് പരമാവധി സംയമനം പാലിച്ചു. അറസ്റ്റ് ഉൾപ്പെടെ സന്നിധാനത്ത് നടന്നത് സ്വാഭാവികമായ നടപടിയാണ്. സമരത്തിന്റെ ഉദ്ദേശ്യം മനസിലായെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.