മത്സ്യബന്ധന മേഖലയിൽ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ സൂര്യോദയം സാദ്ധ്യമാക്കാൻ സർക്കാരിന് കഴിയുമെന്ന വിശ്വാസം സൃഷ്ടിച്ചാണ് ഇക്കഴിഞ്ഞ മത്സ്യദിനം കടന്നുപോയത്. കേരളത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനത്തിൽ 1.58 ശതമാനവും കൃഷി, അനുബന്ധമേഖലയുടെ 13.29 ശതമാനവും മത്സ്യമേഖലയുടെ സംഭാവനയാണ്. കേരളത്തിൽ 2017 ൽ 7.74 ലക്ഷം മെട്രിക് ടൺ മത്സ്യം ഉത്പാദിപ്പിക്കപ്പെട്ടു. ഇതിൽ 95 ശതമാനവും മത്സ്യബന്ധനത്തിലൂടെയായിരുന്നു. 2017 വർഷത്തിൽ മത്സ്യമേഖല കയറ്റുമതിയിലൂടെ രാജ്യത്തിന് 45107 കോടി രൂപയുടെ വിദേശനാണ്യം നേടിത്തന്നു. ഇതിന്റെ 13 ശതമാനം (5919 കോടി) കേരളത്തിന്റെ സംഭാവനയാണ്.
തകർച്ചയിലേക്ക് കൂപ്പുകുത്തിയ കടൽ മത്സ്യബന്ധന മേഖലയെ പുനരുജ്ജീവിപ്പിക്കാനായി നിയമങ്ങൾ കർശനമാക്കുകയും കാലോചിതമായി പരിഷ്കരിക്കുകയും ചെയ്തു.മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിക്കൽ, മത്സ്യങ്ങളുടെ കുറഞ്ഞ നിയമാനുസൃത വലിപ്പം നിജപ്പെടുത്തൽ, മത്സ്യബന്ധന വലകളുടെ വലിപ്പം- കണ്ണിവലിപ്പം എന്നിവ നിയന്ത്രിക്കൽ, അശാസ്ത്രീയ മത്സ്യബന്ധന നിരോധനം, അമിത മത്സ്യബന്ധന നിയന്ത്രണം, പങ്കാളിത്ത വിഭവ മാനേജ്മെന്റ്, കടൽ പട്രോളിംഗ് ഊജ്ജിതമാക്കൽ എന്നിവ ഈ ദിശയിലുള്ള നടപടികളാണ്. ഇതിന്റെ ഫലമായി 2017ൽ കടൽ മത്സ്യ ഉത്പാദനം12 ശതമാനം വർദ്ധിച്ച് 5.85 ലക്ഷം ടണ്ണായി. 2018ൽ ആറ് ലക്ഷം മെട്രിക് ടണ്ണിൽ കവിയുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഓഖി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന നഷ്ടപരിഹാര തുകയായ 22 ലക്ഷം രൂപ നൽകി. ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് മത്സ്യഫെഡിൽ ജോലി നൽകി. ഓഖിയിൽ തകർന്ന വീടുകൾക്ക് പകരം വീടും, നിർമ്മാണം പൂർത്തിയാകും വരെ വീട്ടുവാടകയും നൽകാനും നാശനഷ്ടമുണ്ടായ വീടുകൾ കേടുപാട് തീർത്ത് വാസയോഗ്യമാക്കാനും നടപടി കൈക്കൊണ്ടു. ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ 13.92 കോടി രൂപ ചെലവിൽ 2037 വരെ നീളുന്ന ദീർഘകാല പദ്ധതിയും നടപ്പാക്കി വരുന്നു. നടപ്പ് അക്കാഡമിക് വർഷത്തെ ആവശ്യത്തിനുള്ള 56.95 ലക്ഷം രൂപ വിതരണം ചെയ്തു.
തിരുവനന്തപുരം മുട്ടത്തറയിൽ 192 കുടുംബങ്ങൾക്കു താമസിക്കാവുന്ന ഫ്ളാറ്റ് സമുച്ചയം നിർമ്മിച്ച് നല്കി. ജില്ലയിലെ കാരോട്, ബീമാപള്ളി പ്രദേശങ്ങളിലും, കൊല്ലം ജില്ലയിലെ ക്യു. എസ്.എസ് കോളനി, ആലപ്പുഴ ജില്ലയിലെ വണ്ടാനം, മലപ്പുറം ജില്ലയിലെ പൊന്നാനി, കണ്ണൂർ ജില്ലയിലെ ആയിരക്കര ഉപ്പാലവളപ്പ് എന്നിവിടങ്ങളിലും പുതിയ ഫ്ളാറ്റ് നിർമ്മാണത്തിന് നടപടി സ്വീകരിച്ചുവരികയാണ്. കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഉപഗ്രഹ സഹായത്തോടെ പ്രവർത്തിക്കുന്ന 'നാവിക് "ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണുകളും വിതരണം ചെയ്യുന്നതിനുമുളള പദ്ധതികൾ നടപ്പാക്കി വരുന്നു. നാവിക് ഉപകരണങ്ങൾക്കായി 15.93 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. ആയിരം മത്സ്യത്തൊഴിലാളികൾക്കാണ് 9.62 കോടി രൂപാ ചെലവിൽ സാറ്റ്ലൈറ്റ് ഫോണുകൾ വിതരണം ചെയ്യുന്നത്. അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ 'കടൽ ആംബുലൻസ് "പദ്ധതിയും മത്സ്യബന്ധന യാനങ്ങൾക്കുള്ള ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിയും പുരോഗമിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വൈദ്യശാസ്ത്രം, എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾക്കും ബാങ്കിംഗ്, സിവിൽ സർവീസ് പരീക്ഷകൾക്കും പരിശീലനം നൽകുന്നപദ്ധതി നടപ്പാക്കിവരുന്നുണ്ട്. രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ വിദേശയാനങ്ങൾ LOP വ്യവസ്ഥയിൽ മീൻപിടിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് റദ്ദാക്കാൻ കേന്ദ്രം തയ്യാറായി. ആഴക്കടൽ മത്സ്യബന്ധനത്തിന് സ്വകാര്യ നിക്ഷേപവും വിദേശ സാങ്കേതികവിദ്യയും കൊണ്ടുവരുമെന്ന കേന്ദ്രനിലപാട് ഒരു പരിധിവരെ തിരുത്താനും മത്സ്യമേഖലയിലെ സഹകരണസംഘങ്ങളെ ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുന്ന നയം രൂപീകരിക്കാനും സാധിച്ചു. മത്സ്യമേഖലയുടെ സുസ്ഥിര വികസനം, മത്സ്യവിഭവ സംരക്ഷണം, പങ്കാളിത്തവിഭവ മാനേജ്മെന്റ് എന്നിവയിലൂന്നി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നടപടികൾക്ക് ദേശീയതലത്തിൽ ലഭിച്ച അംഗീകാരം സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവലാണ്.
മുൻസർക്കാർ മണ്ണെണ്ണ സബ്സിഡി ഇനത്തിൽ പതിനഞ്ചരക്കോടി രൂപ വിതരണം ചെയ്തപ്പോൾ എൽ.ഡി.എഫ് സർക്കാർ രണ്ടര വർഷമായി 104 കോടി രൂപയാണ് വിതരണം ചെയ്തത്. സർക്കാർ അധികാരത്തിലെത്തുമ്പോൾ നികുതിയുൾപ്പടെ 58 രൂപയായിരുന്നു ഒരു ലിറ്റർ മണ്ണെണ്ണയുടെ വില. 18 ശതമാനം ജി.എസ്.ടി ഉൾപ്പെടെ ഇപ്പോൾ വില 88 രൂപയാണ്. കോർപ്പറേറ്റുകൾ ഉൾപ്പെടുന്ന എണ്ണക്കമ്പനികളെ സഹായിക്കാനാണ് ഈ തീരുമാനം. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിലയിൽ റോഡ് നികുതി ഉൾപ്പടെ നികുതി ഇളവിനുള്ള നയം കേന്ദ്രസർക്കാർ നടപ്പാക്കണം.