novel

''സ്പാനർ മൂസ.' ആറുപേരും ആ പേര് മനസ്സിലിട്ടു ചതച്ചു.
''അവനെ ഞങ്ങൾ കണ്ടെത്തി സാറിന്റെ മുന്നിൽ എത്തിച്ചിരിക്കും.'
എസ്.ഐ വിജയയാണ് എസ്.പി അരുണാചലത്തോട് പറഞ്ഞത്.


''ഗുഡ്. നിങ്ങൾക്ക് അതിനു കഴിയും എന്നെനിക്ക് ഉറപ്പുണ്ട്.'
അരുണാചലം തലയിളക്കി.
ആറുപേരും യാത്ര പറഞ്ഞു.


ആ നേരം മുൻമന്ത്രി രാജസേനന്റെ വസതിയിൽ ഒരു കൂടിയാലോചന നടക്കുകയായിരുന്നു.


ഗസ്റ്റ് റൂമിൽ ഡിവൈ.എസ്.പി മനുശങ്കർക്കൊപ്പം രാജസേനനും രാഹുലും സ്പാനർ മൂസയും ഉണ്ടായിരുന്നു.


മനുശങ്കർക്കെതിരെ അറസ്റ്റ് വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു എന്നതാണ് തലസ്ഥാനത്തു നിന്ന് അവസാനമായി കിട്ടിയ റിപ്പോർട്ട്.
''മനു വിഷമിക്കേണ്ട കാര്യമില്ല. നിന്നെ തിരക്കി ആരും ഈ പടി കടക്കില്ല. അക്കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. മാത്രമല്ല ആ മരണം ഒരാക്സിഡന്റ് ആക്കി മാറ്റാൻ വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുമുണ്ട്.'


രാജസേനൻ, മനുശങ്കറോടു പറഞ്ഞു.
അയാൾക്ക് ആശ്വാസമായി.


രാജസേനൻ, രാഹുലിനെയും സ്പാനർ മൂസയെയും ഒന്നു നോക്കിയിട്ട് തുടർന്നു:
''മാത്രമല്ല എന്റെ ഉള്ളിൽ ചില ലക്ഷ്യങ്ങളുണ്ട്. അതൊക്കെ നേരെയായാൽ അടുത്ത ചീഫ് മിനിസ്റ്റർ ഞാനായിരിക്കും. സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ മനുവിന് പ്രൊമോഷൻ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായിട്ട്. ലോ ആൻഡ് ഓർഡർ. പിന്നെ നിനക്ക് ചതയ്‌ക്കേണ്ടവനെയൊക്കെ ചതയ്ക്കാം. ആളുകളുടെ ഒരു ലിസ്റ്റ് നേരത്തെ തന്നെ എഴുതിവച്ചോ.'


മനുശങ്കർ എന്തോ പറയാൻ ഭാവിക്കുമ്പോൾ രാജസേനന് തലസ്ഥാനത്തുനിന്ന് ഒരു കാൾ വന്നു. അയാളുടെ മുഖം വിടർന്നു.
എപ്പോൾ?....... അതെ... അവർ എത്രപേരുണ്ടെന്ന് കൃത്യമായി അറിയണം. അവർക്കെല്ലാം മന്ത്രിസ്ഥാനം ഓഫർ ചെയ്‌തേര്.'


അയാൾ കാൾ മുറിച്ചു. പിന്നെ മറ്റുള്ളവർക്കു നേരെ കണ്ണയച്ചു.
''എന്റെ കൂടെ ഇരുപത് എം.എൽ.എ മാരുണ്ട്. ഞങ്ങൾ രാജിവച്ചാൽ മന്ത്രിസഭ ആ നിമിഷം നിലം പൊത്തും. അങ്ങനെ സംഭവിക്കാൻ മുഖ്യൻ സമ്മതിക്കില്ല. അധികാരം പോയാൽ സത്യൻ കൊലക്കേസിൽ ആദ്യം അകത്താകുന്നത് അയാളാണെന്നറിയാം.'


ഒന്നു നിർത്തി രാജസേനൻ തുടർന്നു:
''രാഹുൽ എനിക്കു പക്ഷേ മുഖ്യന്റെ ജാരസന്തതിയെ ഉടൻ കിട്ടണം. അവനെ വച്ചുവേണം എനിക്ക് വില പേശാൻ.'
രാഹുലും സ്പാനർ മൂസയും പരസ്പരം നോക്കി.


''പക്ഷേ പെട്ടെന്ന് കണ്ടുപിടിക്കുക എന്നു പറഞ്ഞാൽ..' മൂസ പകുതിക്കു നിർത്തി.
രാജസേനൻ മാർഗ്ഗം നിർദ്ദേശിച്ചു.


''ഈ വർഷത്തെ പുതിയ അഡ്മിഷൻകാരുടെ ബയോഡേറ്റ അടക്കം കോളേജിൽ നിന്നു കളക്ട് ചെയ്യണം. പിന്നെ അവരുടെ പേരൻസിൽ ആർക്കൊക്കെ രാഷ്ട്രീയ ബന്ധം ഉണ്ടെന്നു തിരക്കുക. സത്യം തനിയെ നമ്മുടെ മുന്നിലെത്തും.'


രാഹുൽ തലയാട്ടി.
അപ്പോൾതന്നെ അവൻ അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു.


പെട്ടെന്ന് ഓർത്തതുപോലെ രാജസേനൻ പറഞ്ഞു:
''പിന്നെ... ഒരിക്കൽ നടക്കാതെ പോയ ഒരു കർമ്മമുണ്ട്. വാസുദേവൻ ഇന്നിറങ്ങുന്ന അവന്റെ പത്രത്തിൽ മൂസയെ വാസുവിന്റെ അടുത്തേക്കയച്ചത് ഞാനാണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ടുപോലും. അവന്റെ ഓഫീസിൽ നിന്നുതന്നെ കിട്ടിയ വിവരമാണ്. '


രാഹുലിന്റെ മുഖം അതുകേട്ട് മുറുകി.
''വിജയയുടെ തന്തപ്പടിയല്ലേ കക്ഷി? ഇത്രയും നാൾ നടത്തിയ പത്രധർമ്മം മതി മൂസാ അയാൾക്ക്.'
മൂസയ്ക്കു കാര്യം മനസ്സിലായി.


''അതെനിക്കു വിട്ടേര്.' അയാൾ കാരിരുമ്പു പോലെയുള്ള കൈകൾ പരസ്പരം കോർത്ത് ഒന്നു മടക്കി.
മരക്കൊമ്പുകൾ ഒടിയുന്നതു പോലെ ഞൊട്ടകൾ കേട്ടു.


സന്ധ്യ!
കുമ്പനാട്ടെ പത്രം ഓഫീസിൽ വാസുദേവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പണിക്കാരൊക്കെ ഇനി രാവിലെയേ വരൂ...


അന്ന് പത്രത്തിന് ഏറെ വില്പന നടന്ന ദിവസമാണ്.
രാജസേനനും സ്പാനർ മൂസയും കരടിവാസുവുമായിരുന്നു ന്യൂസിലെ പ്രധാന ഘടകങ്ങൾ.


ആളുകൾ ചൂടപ്പം കണക്കെ പത്രം വാങ്ങി.
വാസുദേവൻ സമയം നോക്കിയിട്ട് വീട്ടിലേക്ക് പോകാനായി എഴുന്നേറ്റു. പെട്ടെന്നു ഫോൺ ശബ്ദിച്ചു.
അയാൾ അറ്റന്റു ചെയ്തു.


വാസുദേവേട്ടനല്ലേ.. വളരെ പ്രധാനപ്പെട്ട ഒരു ന്യൂസ് തരാനുണ്ട്.'
അപ്പുറത്തുനിന്ന് ഒരു ശബ്ദം കേട്ടു. (തുടരും)