kerala-police

തിരുവനന്തപുരം: ശബരിമലയിൽ സംഘം ചേരാൻ ആഹ്വാനം ചെയ്‌ത് കൊണ്ടുള്ള സർക്കുലർ തള്ളാതെ ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്‌ണൻ. തങ്ങൾ ഇത്തരത്തിലുള്ള പല സർക്കുലറും ഇറക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ സർക്കുലർ രഹസ്യമാക്കി വയ്‌ക്കാൻ നേതൃത്വം നിർദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാർട്ടി തലത്തിൽ മാത്രം വിതരണം ചെയ്യാൻ തയ്യാറാക്കിയ സർക്കുലർ എങ്ങനെ പുറത്തായെന്ന് കണ്ടെത്താൻ ബി.ജെ.പി അന്വേഷണം ആരംഭിച്ചു. ഡിസംബർ‌ 22 വരെ ശബരിമലയിൽ നടത്താനുള്ള പദ്ധതികൾ അടങ്ങിയ സർക്കുലർ സി.പി.എം രാഷ്ട്രീയ ആയുധമാക്കിയെന്ന ആരോപണവും ബി.ജെ.പിക്കുള്ളിലുണ്ട്.

അതിനിടെ സർക്കുലർ ഇറക്കി ശബരിമലയിൽ ആളെക്കൂട്ടാനുള്ള ബി.ജെ.പി നീക്കത്തെ തടയാൻ മറുനീക്കവുമായി പൊലീസും രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയിൽ പ്രതിഷേധക്കാരിലേറെയും എത്തുന്നത് പ്രധാനമായും പുൽമേട് വഴിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ളവർക്ക് പുൽമേട് വഴിയുള്ള പ്രവേശനം താത്കാലിമായി തടയുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. മറ്റ് ജില്ലക്കാരെ ഫോട്ടോ എടുത്ത ശേഷമായിരിക്കും കടത്തിവിടുക. ബി.ജെ.പിയുടെ സർക്കുലർ പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് ഇന്ന് സന്നിധാനത്ത് എത്തേണ്ടത്. ഇതിനെ തുടർന്നാണ് പൊലീസിന്റെ മുന്നൊരുക്കം.

ഇത് കൂടാതെ സമരക്കാരെ നേരിടാൻ കൂടുതൽ നിയന്ത്രണങ്ങളു പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമല ദർശനത്തിനെത്തുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവർ‌ക്ക് ആറ് മണിക്കൂറിനകം മലയിറങ്ങണമെന്ന് കാട്ടി നോട്ടീസ് നൽകാനാണ് പൊലീസ് തീരുമാനം. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കർശന നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് നൽകുക. സന്നിധാനത്ത് നിയമവിരുദ്ധമായി കൂട്ടംകൂടരുത്, സമരങ്ങളിൽ പങ്കെടുക്കരുത് തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. ഇക്കാര്യങ്ങൾ ലംഘിച്ചാൽ കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.