കൊല്ലം: നിരന്തര ശത്രുതയ്‌ക്കൊടുവിൽ അയൽവാസിയെ യുവാവ് കറന്റടിപ്പിച്ച് കൊലപ്പെടുത്തി. കൊട്ടിയം പറക്കുളം വയലിൽ പുത്തൻ വീട്ടിൽ അനിൽകുമാറിന്റെ മകൻ ബിനുവിനെയാണ് (29) ദാരുണമായി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10 ഓടെയായിരുന്നു സംഭവം. അയൽവാസി വിജയനെ (35) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: സ്ഥിരമായി മദ്യപിക്കാറുള്ള ബിനു വിജയന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇന്നലെ സംഭവത്തിന് അര മണിക്കൂർ മുമ്പ് വിജയന്റെ വീട്ടിലെത്തി ഭീഷണി മുഴക്കി വീണ്ടും വരുമെന്ന് അറിയിച്ച് മടങ്ങി. ഈ സമയം വിജയൻ ഇലക്ട്രിക് വയറിലൂടെ വൈദ്യുതി കടത്തിവിട്ട് ഇൻസുലേഷൻ ടേപ്പ് ഇളക്കി വീടിന്റെ മുൻവശത്ത് തൂക്കിയിട്ടു. വീണ്ടും എത്തിയ ബിനു വയറിൽ പിടിച്ചതോടെ ഷോക്കേറ്റ് നിലത്ത് വീണു. മദ്യ ലഹരിയിൽ വീണതാണെന്ന് വിജയൻ പറഞ്ഞതനുസരിച്ച് ബിനുവിന്റെ മാതാപിതാക്കളും വിജയന്റെ ഭാര്യയും ചേർന്ന് ബിനുവിനെ താങ്ങിയെടുത്ത് വീട്ടിൽ കൊണ്ടുപോയി കിടത്തി.
അനക്കമില്ലാതിരുന്ന ബിനുവിന് പിന്നീട് ബോധം വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പുലർച്ചെ നോക്കിയപ്പോൾ ബിനു മരിച്ചതായി വീട്ടുകാർക്ക് ബോദ്ധ്യമായി. തലയ്ക്ക് പിന്നിലെ മുറിവിൽ നിന്ന് രക്തം വാർന്നതായും കണ്ടെത്തി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊട്ടിയം സി.ഐ ജി.അജയനാഥിന്റെ നേതൃത്വത്തിൽ പൊലീസെത്തി വിജയനെ ചോദ്യം ചെയ്തതോടെയാണ് കറന്റടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന വിവരം പുറത്തായത്.
വീഴ്ചയുടെ ആഘാതത്തിലാണ് മുറിവുണ്ടായത്. നേരത്തെ പല തവണ ബിനുവിനായി കെണി ഒരുക്കിയെന്നും വിജയൻ സമ്മതിച്ചു. വിജയൻ മനോരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. അവിവാഹിതനായ ബിനു മരപ്പണിക്കാരനാണ്. ഇൻക്വിസ്റ്ര് നടത്തിയ ശേഷം മൃതദേഹം പോസ്റ്ര്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.