sabarimala-temple

തിരുവനന്തപുരം: ശബരിമലയിലെ നിലവിലെ സംഘർഷങ്ങൾ ഭയന്ന് തീർത്ഥാടനം ഉപേക്ഷിച്ച് മുംബയിൽ നിന്നെത്തിയ 110 പേരടങ്ങിയ സംഘം മടങ്ങുന്നു. 13 കുട്ടികളും 12 മാളികപ്പുറങ്ങളും അടങ്ങുന്ന സംഘമാണ് പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് മടങ്ങുന്നത്. മുംബയിൽ നിന്നെത്തിയ ഇവർ ശബരിമലയിലെ സംഘർഷങ്ങളും പൊലീസിന്റെ അമിത നിയന്ത്രണങ്ങളും കാരണമാണ് തങ്ങൾ മടങ്ങുന്നതെന്ന് അറിയിച്ചു. എരുമേലിയിൽ നിന്നും ആര്യങ്കാവ് ശാസ്‌താ ക്ഷേത്രത്തിൽ കൂടി സന്ദർശനം നടത്തിയ ശേഷമായിരിക്കും മടങ്ങിപ്പോവുക.

അതേസമയം, ശബരിമലയിലെ ഭക്തരുടെ പ്രശ്‌നങ്ങൾ പരിശോധിക്കാനായി എത്തിയ യു.ഡി.എഫ് സംഘം പമ്പയിലെത്തി പ്രതിഷേധം നടത്തിയ ശേഷം മടങ്ങി. പമ്പയിലെ ഗണപതി ക്ഷേത്രത്തിന് സമീപം ശരണം വിളികളുമായി പ്രതിഷേധിച്ച യു.ഡി.എഫ് സംഘത്തിനെ അറസ്‌റ്റ് ചെയ്യാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് തിരികെ മടങ്ങാൻ തീരുമാനിച്ചത്. ശബരിമല പ്രശ്‌നത്തിൽ പരിഹാരം തേടി സംസ്ഥാന ഗവർണർ ജസ്‌റ്റിസ് പി.സദാശിവത്തെ കാണുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

നേരത്തെ, നിരോധനാജ്ഞ ലംഘിക്കുമെന്ന് അറിയിച്ച് കൊണ്ട് നിലയ്‌ക്കലിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് സംഘത്തെ എസ്.പി.യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. എം.എൽ.എമാരെ മാത്രം സന്നിധാനത്തേക്ക് വിടാമെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇത് നേതാക്കന്മാർ അംഗീകരിച്ചില്ല. തുടർന്ന് എല്ലാവരെയും കടത്തിവിടാമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.