കൊച്ചി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ സാവകാശം തേടി ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജി ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജിയിൽ ആത്മാർത്ഥതയുടെ ഒരു അംശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ അടിയന്തിര യോഗത്തിന് ശേഷം കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല കർമ്മ സമിതിയെ ബി.ജെ.പി പിന്തുണയ്ക്കുന്നെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. ബി.ജെ.പിയുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പദ്ധതി. ഡിസംബർ അഞ്ച് മുതൽ ശബരിമല സംരക്ഷണ സദസ് സംഘടിപ്പിക്കും. കൂടാതെ ശബരിമലയിൽ നേതാക്കളെ നിയോഗിച്ച് സർക്കുലർ ഇറക്കിയത് പാർട്ടിയുടെ അറിവോടെയാണെന്നും ഇത് പാർട്ടിയുടെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.