ന്യൂഡൽഹി: ഇനി വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രവിദേശകാര്യമന്ത്രിയുമായ സുഷമാ സ്വരാജ് വ്യക്തമാക്കി. ഇക്കാര്യം ബി.ജെ.പി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറ്റം. മദ്ധ്യപ്രദേശിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിലെ അന്തിമ തീരുമാനം പാർട്ടിയാണ് എടുക്കുന്നതെങ്കിലും തന്റെ നിലപാട് നേതൃത്വത്തെ അറിയിച്ചുവെന്നും അവർ വ്യക്തമാക്കി.
മദ്ധ്യപ്രദേശിലെ വിധിഷയിൽ നിന്നുള്ള ലോക്‌സഭാംഗമാണ് നിലവിൽ സുഷമാ സ്വരാജ്. തന്റെ മണ്ഡലത്തിലേക്ക് സുഷമ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആരോപിച്ച് അടുത്തിടെ വിധിഷയിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് താൻ ഇനി മത്സരിക്കാനില്ലെന്ന് സുഷമ അറിയിച്ചത്. എന്നാൽ ലോക്‌സഭയിൽ മത്സരിക്കാനില്ലെങ്കിൽ രാജ്യസഭയിലൂടെ സുഷമയെ ബി.ജെ.പി പാർലമെന്റിലേക്ക് എത്തിക്കുമെന്നാണ് സൂചന. മികച്ച പ്രാസംഗികയും അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകാരം ലഭിക്കുകയും ചെയ്‌ത സുഷമാ സ്വരാജിനെപ്പോലുള്ള ഒരാളുടെ സേവനം പാർട്ടിക്ക് ആവശ്യമുണ്ടെന്നാണ് ബി.ജെ.പിയിലെ വിലയിരുത്തൽ.
അതേസമയം, ആരോഗ്യപരമായി ഏറെ അവശതകൾ അനുഭവിക്കുന്ന സുഷമയ്‌ക്ക് വിശ്രമം ആവശ്യമാണെന്ന് അവരുടെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. 11 തിരഞ്ഞെടുപ്പുകളിൽ അവർ മത്സരിച്ചു. ഇനി വിശ്രമം ആവശ്യമാണ്. തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്നും കുടുംബവൃത്തങ്ങൾ അറിയിച്ചു.