thiruvilwamala

തിരുവില്വാമല: പുനർജനി ഗുഹ നൂണ്ട് മോക്ഷം നേടുവാനായി ആയിരക്കണക്കിന് വിശ്വാസികൾ വില്വമലയിൽ എത്തി. വില്വാദ്രിനാഥ ക്ഷേത്രം മേൽശാന്തി ഗുഹാമുഖത്ത് പ്രത്യേക പൂജ നടത്തി. നെല്ലിക്ക ഉരുട്ടിയ ശേഷം പുലർച്ചെ നാലു മണിയോടെ പുനർജനി നൂഴൽ ആരംഭിച്ചു. കാലങ്ങളായി ആദ്യം ഗുഹ നൂഴാറുള്ള പാറപ്പുറത്ത് ചന്തുവാണ് ഇത്തവണയും ഒന്നാമതായി ഗുഹ നൂണ്ടത്. ആയിരം പേർക്കുള്ള ടോക്കണുകളാണ് ക്ഷേത്രത്തിൽ നിന്നും വിതരണം ചെയ്തത്. നൂഴൽ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. വെളുത്ത പക്ഷ ഏകാദശി നാളായ ഗുരുവായൂർ ഏകാദശി ദിവസം മാത്രമാണ് ഇവിടെ പുനർജനി നൂഴൽ നടക്കുന്നത്. പുനർജനി നൂണ്ടാൽ ജന്മ പാപം തീരുമെന്നാണ് വിശ്വാസം. അന്യ സംസ്ഥാനങ്ങളിൽ നിന്നു പോലും പുനർജനി നൂഴാൻ ഭക്തരെത്തിയിരുന്നു. ഭക്തരും, ബന്ധുക്കളും കാഴ്ചക്കാരുമായി എത്തിയ ആയിരങ്ങൾക്ക് വേണ്ടുന്ന സൗകര്യം ദേവസ്വവും പഞ്ചായത്തും പൊലീസും മറ്റു വിവിധ വകുപ്പുകളും ചേർന്ന് ഒരുക്കിയിരുന്നു. അയ്യപ്പ സേവാസംഘം മലേശമംഗലം സ്‌കൂൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ലഘുഭക്ഷണവും കുടിവെള്ള വിതരണവും നടത്തിയിരുന്നു. വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഇന്നലെ പ്രത്യേക പൂജകളും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നെള്ളിപ്പും നടന്നു.