ദിലീപ്-കാവ്യാമാധവൻ ദമ്പതികളുടെ കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് കൊച്ചിയിൽ നടന്നു. മഹാലക്ഷ്മി എന്നാണ് ദിലീപിന്റെ ഇളയമകൾക്ക് പേരിട്ടത്. വിജയദശമി ദിനത്തിലാണ് തനിക്ക് ഒരു മകൾ കൂടി ജനിച്ച വിവരം ദിലീപ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. അമ്മയായ ശേഷമുള്ള കാവ്യയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണിയാണ് ഇൻസ്റ്റാഗ്രാമിലൂടെ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. 'കുഞ്ഞുവാവയ്‌ക്കൊപ്പം ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ എല്ലാവിധ ആശംസകളും. 28ാം ദിവസം കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയതിൽ സന്തോഷമാണ്. സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തും' ഉണ്ണി ചിത്രം പങ്കുവച്ച് കൊണ്ട് പറഞ്ഞു. 2016 നവംബർ 25നാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. മൂത്തമകൾ മീനാക്ഷിയാണ് അച്ഛന്റെ വിവാഹത്തിന് മുൻകൈയെടുത്തത്. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീലിൽ അഭിനയിക്കുകയായിരുന്നു ദിലീപ്.