മുംബയ്: ലൈംഗികാതിക്രമ ആരോപണ കേസിന് നഷ്ട പരിഹാരമായി ലഭിച്ച തുകയ്ക്ക് സുസ്‌മിത സെൻ നികുതി അടയ്ക്കേണ്ടതില്ലെന്ന് മുംബൈ ഇൻകം ടാക്‌സ് അപ്പീൽ ട്രൈബ്യൂണൽ ബെഞ്ച് ഉത്തരവിട്ടു. ലൈംഗികാതിക്രമം ആരോപിച്ച് സുസ്‌മിത സെൻ കൊക്കകോള ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. സുസ്‌മിത നൽകിയ പരാതിയിൽ 2003- 2004 സാമ്പത്തിക വർഷത്തിലാണ് കൊക്കകോള ഇന്ത്യ കമ്പനി 95 ലക്ഷം രൂപ നഷ്‌ട പരിഹാരമായി നൽകാൻ കോടതി വിധിച്ചത്. ഫെബ്രുവരി 2001 മുതൽ ജനുവരി 2002 വരെ കൊക്കകോളയുടെ ബ്രാൻഡായ 'തംസ് അപ്പി'ന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു സുസ്‌മിത. ഒന്നരലക്ഷം രൂപയുടേതായിരുന്നു കരാർ.
കാലാവധി അവസാനിക്കുന്നതിന് മുമ്പെ കമ്പനി സുസ്‌മിതയുമായുള്ള കരാർ അവസാനിപ്പിക്കുകയായിരുന്നു. കമ്പനി നഷ്‌ട പരിഹാരത്തുകയും സുസ്‌മിതയ്‌ക്ക് നൽകിയിരുന്നു.1.45 കോടി രൂപയ്‌ക്കാണ് പ്രശ്‌നം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയത്. നഷ്‌ടപരിഹാരത്തുകയായി 95 ലക്ഷം രൂപയാണ് സുസ്‌മിതയ്‌ക്ക് ലഭിച്ചത്. ഈ തുകയ്‌ക്ക് താരം നികുതി അടച്ചിരുന്നില്ല. നികുതി അടയ്‌ക്കാത്തതിനെ തുടർന്ന് താരത്തിൽ നിന്നും പിഴയായി 35 ലക്ഷം രൂപ ഈടാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ആ തുകയാണ് ഇപ്പോൾ റദ്ദാക്കിയത്.