കണ്ണൂർ: ശബരിമലയിലെ സമരത്തിൽ നിന്ന് സംഘപരിവാർ സംഘടനകൾ പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ശബരിമല പിടിച്ചെടുത്ത് ആർ.എസ്.എസിന്റെ കീഴിലാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസിന്റെ 5,300 ശാഖകളിൽ നിന്നുമുള്ള പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഇവരാണ് അവിടെ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. കണ്ണൂരിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സമരമാണെങ്കിൽ തെരുവിൽ ആശയപ്രചരണത്തിന് തയാറാകണം. ആശയ സംവാദത്തിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. രാഷ്ട്രീയ സമരത്തിന്റെ പേരിൽ ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും കോടിയേരി പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും സന്ദേശങ്ങളും സോഷ്യൽ മീഡിയ വഴിയാണ് കൈമാറുന്നത്. ഈ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് റോഡ് തടയലും ഹർത്താലുകളും നടത്തുന്നത്. ബി.ജെ.പി ദിവസേന ആളുകളെ ശബരിമലയിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ മൂന്ന് വീതം മണ്ഡലങ്ങളിൽ നിന്ന് ദിവസേന നിരവധി നേതാക്കളാണ് ശബരിമലയിൽ എത്തുന്നത്. ശബരിമല അടിസ്ഥാനമാക്കിയുള്ള സമരമല്ലെങ്കിൽ പിന്നെ എന്തിനാണ് അവിടേക്ക് ആളുകളെ എത്തിക്കുന്നത്. ഇതിനുള്ള മറുപടി ശ്രീധരൻപിള്ള പറയണമെന്നും കോടിയേരി വ്യക്തമാക്കി.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നവരാണ് ഞങ്ങൾ. പക്ഷേ ഞങ്ങൾ ഇന്നുവരെ ശബരിമലയിലേക്ക് സ്ത്രീകളോട് പോകാൻ പറഞ്ഞിട്ടില്ല. സ്വമേധയാ സ്ത്രീകൾ അവിടെ വരുന്നുണ്ടെങ്കിൽ അത് തടയാൻ പാടില്ല. ഇത് മാത്രമാണ് സി.പി.എം എടുത്തിട്ടുള്ള തീരുമാനം.എന്നാൽ ഇതിന്റെ മറവിൽ സംഘർഷവും കലാപവും ഉണ്ടാക്കി കേരളത്തിൽ അരാചകത്വം സൃഷ്ടിക്കാനാണ് സംഘപരിവാർ ഉദ്ദേശിക്കുന്നത്. സംഘപരിവാറിന്റെ ഈ ശ്രമത്തിന് യു.ഡി.എഫ് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നതെന്നും കോടിയേരി വ്യക്തമാക്കി.