-p-mohandas
സന്നിധാനത്തെത്തിയ മനുഷ്യാവകാശ കമ്മിഷൻ അംഗം പി.മോഹൻദാസ് ഭക്തരോട് സംസാരിക്കുന്നു

സന്നിധാനം: ശബരിമലയിൽ ഭക്തർ അനുഭവിക്കുന്ന അസൗകര്യങ്ങൾ വിലയിരുത്താനെത്തിയ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾക്ക് മുന്നിൽ ഭക്തരുടെ സമ്മിശ്ര പ്രതികരണം. പരാതികളുടെ കെട്ടഴിച്ചാണ് ചിലർ കമ്മിഷൻ അംഗം പി.മോഹൻദാസിനെ വരവേറ്റതെങ്കിലും നിലവിലെ സംവിധാനങ്ങളിൽ തൃപ്‌തരാണെന്ന് തന്നെയാണ് മിക്കവരും അഭിപ്രായപ്പെട്ടത്. ഇടയ്‌ക്ക് കമ്മിഷൻ പൊലീസ് അംഗത്തെ പോലെ പെരുമാറുന്നുവെന്ന തരത്തിൽ പ്രതിഷേധ സ്വരം ഉയർത്താനും ചിലർ തുനിഞ്ഞു. അതിനിടെ കമ്മിഷൻ അംഗം മോഹൻദാസ് തീർത്ഥാടകനോട് ടോയ്ല‌റ്റ് സൗകര്യങ്ങളെക്കുറിച്ച് ചോദിക്കുന്നതും അതിന് ലഭിച്ച മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സന്നിധാനത്തെ അസൗകര്യങ്ങളെക്കുറിച്ച് നിരവധി പേർ പരാതികൾ ഉന്നയിച്ചെങ്കിലും ടോയ്‌ല‌റ്റ് സൗകര്യങ്ങൾ ഉപയോഗിച്ചവരിൽ നിന്നും അഭിപ്രായം കേൾക്കണമെന്നായിരുന്നു പി.മോഹൻദാസിന്റെ നിലപാട്. ഇതിനിടയിൽ കമ്മിഷൻ തന്നെ ഒരാളെ സ്വാമീ ഇങ്ങോട്ട് വരുമോ എന്ന് ചോദിച്ച് അടുത്തേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് സന്നിധാനത്തെ ടോയ്‌ലറ്റ് സംവിധാനങ്ങളെക്കുറിച്ച് ആരാഞ്ഞു. നല്ല വൃത്തിയുള്ള ടോയ്‌ലറ്റ് ആണ് ഒരുക്കിയിരിക്കുന്നതെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമായിരുന്നു തീർത്ഥാടകന്റെ മറുപടി. സന്നിധാനത്ത് വിരി വയ്‌ക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി പറഞ്ഞ തീർത്ഥാടകരോട് അതിന് പ്രത്യേക സംവിധാനം ഒരുക്കാമെന്ന് ദേവസ്വം ബോർഡ് ഉറപ്പ് നൽകിയെന്നായിരുന്നു കമ്മിഷന്റെ മറുപടി.

അതേസമയം, കമ്മിഷന്റെ സന്ദർശനത്തോട് അനുബന്ധിച്ച് വൃത്തിയാക്കിയ ടോയ്‌ലറ്റുകൾ മാത്രമാണ് പി.മോഹൻദാസിനെ കാണിച്ചതെന്നും ഭൂരിഭാഗം ശുചീകരണ സംവിധാനങ്ങളും തകരാറിലാണെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്. ഒരു വിഭാഗത്തിന്റെ പരാതികൾ കമ്മിഷൻ കേൾക്കാൻ തയ്യാറായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ തങ്ങൾക്ക് മതിയായ സൗകര്യം ഒരുക്കിയില്ലെന്ന് കെ.എസ്.ആർ.ടി.സി പൊലീസ് ഉദ്യോഗസ്ഥർ കമ്മിഷനോട് പരാതിപ്പെട്ടു.