സന്നിധാനം: ശബരമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തിൽ സർക്കാരിനോടും ഡി.ജി.പിയോടും വിശദീകരണം തേടിയതായും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം പി.മോഹൻദാസ് പറഞ്ഞു. ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഐ.ജിയുമായി സംസാരിക്കും. മാദ്ധ്യമങ്ങൾ പറയുന്ന രീതിയിലുള്ള അസൗകര്യങ്ങൾ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഇല്ല. തീർത്ഥാടതർ തന്നോട് അസൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ആരെങ്കിലും പരാതികളുമായി രംഗത്തെത്തിയാൽ പരിഗണിക്കും. ഇപ്പോൾ കമ്മിഷന്റെ പരിഗണനയിൽ 13 കേസുകളുണ്ട്. ഇവയെല്ലാം മണ്ഡലകാലത്തിന് മുമ്പ് പരിഹരിക്കും. സന്നിധാനത്ത് കുഴപ്പങ്ങളുണ്ടാക്കിയത് ഭക്തി കൂടിയവർ ആയിരിക്കും. യഥാർത്ഥ ഭക്തന്മാർ പ്രശ്‌നങ്ങളുണ്ടാക്കാൻ വരില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ കണ്ട തീർത്ഥാടകരെല്ലാം സംതൃപ്തരാണ്. പമ്പയിൽ പ്രശ്നങ്ങളുണ്ട്. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താനാകില്ല. സർക്കാരിന്റെ കയ്യിൽ മാന്ത്രിക വടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്നിധാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.