കഥ തുടരുന്നു എന്ന ചിത്രം റിലീസായപ്പോൾ കഥയെക്കാളുപരി പ്രേഷകരുടെ മനം കവർന്ന ഒരു കൊച്ചുസുന്ദരിയുണ്ട്, ചുരുണ്ട മുടിയും കൈയ്യിൽ ഒരു പാവയേയും പിടിച്ച് പുഞ്ചിരിതൂകിയ ബേബി അനിഖ. പിന്നീട് അവൾ നമ്മുടെ കൺമുന്നിൽതന്നെ വളർന്നു. ഭാസ്‌കർ ദ റാസ്‌കലിലെ കുറുമ്പുകാരിയായും ഗ്രേറ്റ് ഫാദറിൽ ഡേവിഡ് നൈനാന്റെ മകളായും കൈയ്യടി വാങ്ങി. അനിഖയ്ക്ക് സിനിമ ഒട്ടും ചെറുതല്ല. തന്റെ കൂടെ വളരുന്ന സ്വപ്നംതന്നെയാണ്. അനിഖ പങ്കുവയ്ക്കുകയാണ് തന്റെ സ്വപ്നങ്ങളും സിനിമാ വിശേഷങ്ങളും.
ഐ ലവ് യു മമ്മി
ഭാസ്‌കർ ദ റാസ്‌കലിലെ 'ഐ ലവ് യു മമ്മി' എന്ന പാട്ട് ആരും ഇതുവരെ മറന്നിട്ടില്ലായെന്ന് തോന്നുന്നു. ഇപ്പോഴും എല്ലാവരും ആദ്യം ചോദിക്കുക ആ പാട്ടിനെക്കുറിച്ചാണ്. പുറത്തുപോകുമ്പോഴെല്ലാം ചെറിയ കുട്ടികൾ പറയും ദാ ഐ ലവ് യു ചേച്ചി പോണൂന്ന്...എല്ലാവരും ആ പാട്ടൊന്നു പാടുമോ എന്നൊക്കെ ചോദിക്കും. ആദ്യമൊക്കെ എനിക്കും ഇഷ്ടമായിരുന്നു ആ പാട്ട്. പക്ഷേ സത്യം പറഞ്ഞാൽ ഇപ്പോൾ കേട്ടു കേട്ട് മടുത്തു. ഏത് ഫംഗ്ഷനു പോയാലും അവിടെയും പ്ലേ ചെയ്യും 'ഐ ലവ് യു മമ്മി'. എന്തൊക്കെ പറഞ്ഞാലും നല്ല പാട്ടാണ് അത്. നല്ല ട്യൂണാണ്. എന്നെ എല്ലാവരും ഓർക്കുന്നതിന്റെ ഒരു കാരണം ആ പാട്ടുതന്നെയാണ്. പക്ഷേ എന്റെ അമ്മയ്ക്ക് ഞാൻ പാടികൊടുത്തിട്ടൊന്നുമില്ല കേട്ടോ ആ പാട്ട്. അല്ലേലും നമ്മുടെ അമ്മമാരോട് ഐ ലവ് യു മമ്മി എന്ന് പറയേണ്ട കാര്യമില്ലല്ലോ.
അപ്രതീക്ഷിതമായ അവസരം
എട്ടാം മാസത്തിലാണ് ഞാൻ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്നത്. പരസ്യത്തിലൂടെയാണ് ഈ രംഗത്ത് വരുന്നത്. ഏട്ടൻ മോഡലിംഗ് ചെയ്യുമായിരുന്നു. അങ്ങനെയാണ് എനിക്കും അവസരം കിട്ടിയത്. ആദ്യ സിനിമ ഛോട്ടാ മുംബയ് ആണ്. ചെറിയ വേഷമായിരുന്നു. അവസാനം കാണിക്കില്ലേ ലാലേട്ടന്റെ കുടുംബത്തെ. അതിലെ ലാലേട്ടന്റെ മോള് ഞാനാണ്. പിന്നീടാണ് 'കഥ തുടരുന്നു' വരുന്നത്. ഏകദേശം ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു ഇപ്പോൾ.
എന്റെ പ്രിയപ്പെട്ട
അങ്ങനെ ചോദിച്ചാൽ ഞാൻ കൺഫ്യൂഷൻ ആയി പോകും. എല്ലാ കഥാപാത്രങ്ങളും കുറച്ചു വ്യത്യസ്തമായിരുന്നു. ഏറ്റവും ഇഷ്ടം ഏതാണെന്ന് എനിക്കറിയില്ല. ചില സിനിമകളടെ ചില ഭാഗങ്ങൾ ഇഷ്ടമാണ്. ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയത് 'അഞ്ചു സുന്ദരി'കളിലെ സേതുലഷ്മി എന്ന കഥാപാത്രത്തിനാണ്. കുറേപ്പേർ പറഞ്ഞു അതിൽ നന്നായി ചെയ്തു എന്ന്. ഏറ്റവും വെല്ലുവിളിയായി തോന്നിയത് ഞാൻ ഇപ്പോൾ ചെയ്യുന്ന സിനിമയിലെ കഥാപാത്രമാണ്. 'വിശ്വാസം' എന്നാണ് സിനിമയുടെ പേര്. തമിഴിലാണ്. എന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പറയാൻ പാടില്ല. കുറച്ച് ബുദ്ധിമുട്ടി അഭിനയിക്കാൻ. എന്നെക്കൊണ്ട് പറ്റുമോ ദൈവമേ എന്ന് തോന്നിപ്പിച്ച വേഷം.
മൈ സൂപ്പർ ഹീറോ
ചിലരുടെ കൂടെ അഭിനയിക്കുമ്പോൾ നമ്മൾ കംഫർട്ട് ആയിരിക്കില്ലേ. എനിക്ക് ഏറ്റവും കൂടുതൽ അങ്ങനെ തോന്നിയത് അജിത് സാറിന്റെ കൂടെ അഭിനയിച്ചപ്പോഴാണ്. പണ്ടേ എനിക്കിഷ്ടമായിരുന്നു അജിത് അങ്കിളിന്റെ സിനിമകളെല്ലാം. അതിനുമപ്പുറം പേഴ്സണലി ഒരടുപ്പം തോന്നിയിരുന്നു. ഷൂട്ടിന്റെ സമയത്ത് ഒരുപാട് ഹെൽപ്പ് ചെയ്യും. എനിക്ക് തമിഴ് മനസിലാകാതെ വരുമ്പോൾ അതിങ്ങനാണ് എന്നൊക്കെ പറഞ്ഞുതരും. ഡയലോഗ് മറക്കുമ്പോഴുമുണ്ടായിരുന്നു അങ്കിളിന്റെ സഹായം.
സ്വന്തം നയൻതാര
എന്തിനാണ് കൂടുതൽ പറയുന്നത്. ലേഡി സൂപ്പർസ്റ്റാറാണ് എന്റെ പ്രിയനടി. നോക്കിയിരുന്നു പോകും അഭിനയിക്കുന്നത് കാണുമ്പോൾ. അജിത് അങ്കിളിനെ പോലെ ഹെൽപ്പ് ചെയ്യും. ഐ ലവ് യു മമ്മി പാട്ടിലൊക്കെ കുറേ സഹായിച്ചു. ചെറിയ കുട്ടി എന്ന പരിഗണന എപ്പോഴും ഉണ്ടായിരുന്നു. ചോക്‌ളേറ്റ് ഒക്കെതരും. എനിക്ക് ബഹുമാനം തോന്നിയിട്ടുള്ള നടിയാണ് നയൻതാരചേച്ചി.
മമ്മുക്കയും ദുൽഖർ അങ്കിളും
മൂന്ന് സിനിമകളിൽ മമ്മുക്കയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ഓരോ ലൊക്കേഷനിലും ഓരോ മൂഡാണ് മമ്മൂക്കയ്ക്ക്. നമ്മളെ ഇഷ്ടപ്പെട്ടാൽ നല്ല കമ്പനി ആയിരിക്കും. അങ്ങനെ ചീത്ത പറയുവൊന്നും ചെയ്യില്ല. കുറേ തമാശയൊക്കെ പറയും. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം രസമുള്ളതാണ്. കാണുമ്പോഴൊക്കെ ഓരോന്ന് പറഞ്ഞ് മമ്മൂക്ക എന്ന കളിയാക്കി കൊണ്ടിരിക്കും. എനിക്കേറ്റവും ഇഷ്ടമുള്ള നടൻ ദുൽഖറാണ്. എല്ലാവരും കളിയാക്കും മമ്മൂട്ടിയെ ഇക്കയെന്നും ദുൽഖറിനെ അങ്കിൾ എന്നും വിളിക്കുന്നതിൽ. മമ്മൂക്കയെ എല്ലാവരും വിളിക്കുന്നത് അങ്ങനെയല്ലേ. അത് ഞാനും സ്വീകരിച്ചു. സെക്കന്റ് ഷോയിലാണ് ദുൽഖറിനൊപ്പം അഭിനയിച്ചത്. എന്തുകൊണ്ടാണ് ദുൽഖറിനെ ഇഷ്ടമെന്ന് ചോദിച്ചാൽ എനിക്കറിയില്ല. നല്ല വ്യക്തി അല്ലേ, പിന്നെ കാണാനും സുന്ദരൻ. ആലിയ ഭട്ടിനേയും ഇഷ്ടമാണ് എനിക്ക്.
പുതിയ സിനിമാവിശേഷം
മലയാളത്തിൽ 'ജോണി ജോണി യെസ് പപ്പ'യാണ് പുതുതായി റിലീസ് ചെയ്തിരിക്കുന്നത്. തമിഴിൽ 'വിശ്വാസം' എന്ന മൂവി പൂർത്തിയായിട്ടില്ല. വേറെ സിനിമയൊന്നും ഏറ്റെടുത്തിട്ടില്ല. തമിഴ് അത്ര ഈസിയല്ല. മലയാളവുമായി സാമ്യമുണ്ടെങ്കിലും ആദ്യമൊക്കെ മനസ്സിലാക്കാൻ കുറച്ചു പാടുപെട്ടു. ഡയലോഗ് പറയാനൊക്കെ ഇത്തിരി ബുദ്ധിമുട്ടുണ്ടായിരുന്നു, ഇപ്പോഴും ബുദ്ധിമുട്ടൊക്കെയുണ്ട്. പിന്നെ എല്ലാവരും സംസാരിക്കുന്ന കേട്ടൊക്കെ അങ്ങ് പരിചയമായി തുടങ്ങി. എനിക്ക് വേണ്ടി ഞാൻ തന്നെ ഡബ്ബ് ചെയ്തിട്ടുണ്ട്. എനിക്ക് അഭിനന്ദനം കിട്ടിയ സിനിമയാണ് ഗ്രേറ്റ് ഫാദർ. 'ചോരയുടെ മണമുള്ള മുംബയിലെ ഗലികൾ' എന്ന ഡയലോഗൊക്കെ എല്ലാവരും ഏറ്റെടുത്തു. കുറെ ട്രോളുകളൊക്കെ വന്നിരുന്നു എന്നെ ചുറ്റിപ്പറ്റി.
ഞാനും എന്റെ ഫാമിലിയും
അമ്മയാണ് എന്റെ കൂടെ ഷൂട്ടിംഗിന് വരാറുള്ളത്. അമ്മയുടെ പേര് രജിന. അച്ഛൻ എറണാകുളത്താണ്. ഏട്ടൻ തിരുവനന്തപുരത്ത് ബി.ടെക്ക് ചെയ്യുന്നു. മഞ്ചേരിയാണ് ഞങ്ങളുടെ സ്വന്തം സ്ഥലം. വീട്ടിൽ ഞാൻ അത്യാവശ്യം വഴക്കൊക്കെ ഉണ്ടാക്കും. കൂടുതലും ഏട്ടനുമായാണ് വഴക്ക് കൂടാറ്. ഇപ്പോൾ ദൂരെയായത് കൊണ്ട് അധികം വഴക്കൊന്നും ഉണ്ടാകാറില്ല. ഒൻപതിലാണ് ഇപ്പോൾ പഠിക്കുന്നത്. ഷൂട്ടിന്റെ തിരക്കിൽ ക്ലാസുകളൊക്കെ നഷ്ടപ്പെടും. ടീച്ചഴ്സും കൂട്ടുകാരും സഹായിക്കുന്നതുകൊണ്ട് പിടിച്ചുനിൽക്കുന്നു.
ഞാൻ അങ്ങനല്ല പറഞ്ഞത്
അടുത്തിടെ എന്നെ ബേബിയെന്ന് വിളിക്കരുതെന്ന് ഞാൻ പറഞ്ഞുവെന്ന് കുറെ സൈറ്റിൽ കണ്ടു. സത്യത്തിൽ നെഗറ്റീവ് അർത്ഥത്തിലല്ല ഞാനങ്ങനെ പറഞ്ഞത്. ബേബി അനിഖ എന്ന് കാണുമ്പോൾ ഫ്രണ്ട്സ് ഒക്കെ എന്നെ കളിയാക്കും. അതുകൊണ്ടാണ് ബേബി വേണ്ട എന്ന് ഞാൻ പറഞ്ഞത്. പക്ഷേ ചില ഓൺലൈൻ സൈറ്റുകളിൽ ടൈറ്റിലായി വന്നത് തന്നെ 'ഞാനിനി ബേബിയല്ല' എന്നാണ്.
നായികയാവാൻ സമയമുണ്ടല്ലോ
നായികയായി പടങ്ങളൊന്നും വന്നിട്ടില്ല. ലീഡ് റോളിൽ കുറെ കഥകൾ വരുന്നുണ്ട്. ഒന്നും ഏറ്റെടുത്തിട്ടില്ല. ഇടയ്ക്ക് 'മാ' എന്നപേരിൽ ഒരു ഷോർട്ട്ഫിലിം ചെയ്തിരുന്നു. ഗർഭിണിയായ വിദ്യാർത്ഥിനിയുടെ വേഷമായിരുന്നു അതിൽ. ഒരുപാട് ശ്രദ്ധിക്കപ്പെട്ടു അതിന്റെ കഥയും കഥാപാത്രവും. എന്റെ ഇഷ്ടങ്ങൾ ഭക്ഷണവും ഡ്രസുമൊക്കയാണ് എന്റെ ഇഷ്ടങ്ങളിൽ പ്രധാനം. പാട്ടും ഡാൻസും ചെറുപ്പം മുതൽ പഠിക്കാൻ തുടങ്ങിയതാണ്. കൂടുതൽ ഇഷ്ടം ഡാൻസിനോടാണെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഒരിഷ്ടമുള്ളത് സിനിമയോടാണ്.