ഇ.സി.എഫ് പാനൽ പരിഗണിക്കുക ഭാവിയിലെ കരുതൽ ധനശേഖര കൈമാറ്റം മാത്രം
കൊച്ചി: റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖര വിനിയോഗം (എക്കണോമിക് കാപ്പിറ്റൽ ഫ്രെയിംവർക്ക്-ഇ.സി.എഫ്) സംബന്ധിച്ച് പഠിക്കാൻ പ്രത്യേക പാനലിനെ നിയോഗിക്കുമെങ്കിലും, നിലവിലെ കരുതൽ ധനശേഖരത്തിൽ കൈയിടാൻ കേന്ദ്രസർക്കാരിനാവില്ല. 9.59 ലക്ഷം കോടി രൂപയുടെ കരുതൽ ധനശേഖരം ഇപ്പോൾ റിസർവ് ബാങ്കിനുണ്ട്. പാനലിന്റെ പരിഗണനാ വിഷയത്തിൽ ഈ ശേഖരം വരില്ല. റിസർവ് ബാങ്ക് ഭാവിയിൽ സ്വരൂപിക്കുന്ന കരുതൽ ധനം എങ്ങനെ വിനിയോഗിക്കും എന്നതാണ് പാനലിന്റെ വിഷയം.
നിലവിലെ കരുതൽ ധനശേഖരം കേന്ദ്രസർക്കാരിന് കൈമാറുന്നതിനോട് റിസർവ് ബാങ്ക് യോജിക്കുന്നില്ല. ഇക്കാര്യത്തിൽ റിസർവ് ബാങ്കുമായി തർക്കത്തിനില്ലെന്ന് കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ റിസർവ് ബാങ്കിന്റെ മൊത്തം ആസ്‌തിയുടെ 28 ശതമാനമാണ് കരുതൽ ധന ശേഖരം. ആഗോളതലത്തിൽ കേന്ദ്രബാങ്കുകളുടെ കരുതൽ ധനശേഖരം ശരാശരി 16 ശതമാനമാണ്. റിസർവ് ബാങ്കിന്റെ ശേഖരവും ഇതേനിരക്കിൽ നിയന്ത്രിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇക്കാര്യമാകും പാനൽ പരിശോധിക്കുക.
കഴിഞ്ഞ വർഷത്തെ സാമ്പത്തിക സർവേയിൽ അന്നത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്ന അരവിന്ദ് സുബ്രഹ്‌മണ്യനാണ് റിസർവ് ബാങ്കിന്റെ കരുതൽ ധന ശേഖരം ആഗോള ശരാശരിയേക്കാൾ കൂടുതലാണെന്നും അധികമുള്ള പണം സർക്കാരിന് കൈമാറുന്നത് ഗുണം ചെയ്യുമെന്നും അഭിപ്രായപ്പെട്ടത്.
കരുതൽ ധന ശേഖരം
റിസർവ് ബാങ്കിന്റെ കൈവശമുള്ള മൊത്തം കരുതൽ ധനശേഖരം 9.59 ലക്ഷം കോടി രൂപ. ഇതിൽ 6.91 ലക്ഷം കോടി രൂപ സ്വർണ ശേഖരമാണ്. ഭാവിയിലെ അപ്രതീക്ഷിത ചെലവുകൾക്കായി 2.32 ലക്ഷം കോടി രൂപ മാറ്രിവച്ചിരിക്കുന്നു. 22,811 കോടി രൂപ ആസ്‌തി വികസന ഫണ്ടായും 13,285 കോടി രൂപ ഇൻവെസ്‌റ്ര്‌മെന്റ് റീവാല്യൂവേഷൻ അക്കൗണ്ടിലും സൂക്ഷിച്ചിരിക്കുന്നു.
₹22,000 കോടി ഉടൻ
വിപണിയിലേക്ക്
പൊതു വിപണിയിൽ പണലഭ്യത കൂട്ടാനായി റിവർവ് ബാങ്ക് 22,000 കോടി രൂപ ലഭ്യമാക്കും. നാളെ സർക്കാർ കടപ്പത്രങ്ങൾ വാങ്ങിക്കൂട്ടിയാണ് ഈ പണം പൊതുവിപണിയിലിറക്കുക. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന മൂലധന പ്രതിസന്ധി ഇതുവഴി തത്കാലത്തേക്ക് മറികടക്കാനാകുമെന്നാണ് വിലയിരുത്തൽ.
സി.എ.ആർ: കാലാവധി നീട്ടും;
വായ്‌പാലഭ്യത ഉയരും
ബാങ്കുകളുടെ മൂലധന പര്യാപ്‌തതാ അനുപാതം (സി.എ.ആർ) ഒമ്പത് ശതമാനത്തിൽ നിന്ന് എട്ടു ശതമാനമായി കുറയ്‌ക്കണമെന്ന സർക്കാരിന്റെ ആവശ്യം റിസർവ് ബാങ്ക് പിന്നീട് പരിഗണിക്കും. സി.എ.ആർ 2019 മാർച്ച് 31നകം കൈവരിക്കണമെന്നായിരുന്നു ബാങ്കുകൾക്ക് നൽകിയ ആദ്യ നിർദേശം. ഇത്, 2020 മാർച്ചിലേക്ക് നീട്ടിയിട്ടുണ്ട്. അടുത്തവർഷത്തിനകം രണ്ടര ലക്ഷം കോടി രൂപ മുതൽ മൂന്നു ലക്ഷം കോടി രൂപവരെ അധിക വായ്‌പ അനുവദിക്കാൻ ബാങ്കുകൾക്ക് ഇതു സഹായകമാകും.
₹2.5 ലക്ഷം കോടി
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്ര സർക്കാരിന് റിസർവ് ബാങ്ക് കൈമാറിയ തുക 2.5 ലക്ഷം കോടി രൂപ. ഇക്കാലയളവിലെ റിസർവ് ബാങ്കിന്റെ മൊത്തം വരുമാനത്തിന്റെ 75 ശതമാനമാണിത്.