ന്യൂഡൽഹി: ഇരുരാജ്യങ്ങളും തമ്മിൽ നിശ്ചയിച്ചിരുന്ന ക്രിക്കറ്റ് മത്സരം റദ്ദാക്കിയതിന് കോടികളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐക്കെതിരെ സമർപ്പിച്ച പരാതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളി. ദ്വിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഇന്ത്യ പിന്മാറിയത് മൂലം തങ്ങൾക്ക് 70 മില്യൻ അമേരിക്കൻ ഡോളർ (ഏതാണ്ട് 500 കോടി ) നഷ്ടമുണ്ടായെന്നും ഈ തുക ബി.സി.സി.ഐ നൽകണമെന്നുമായിരുന്നു പാകിസ്ഥാന്റെ ആവശ്യം. എന്നാൽ ഇക്കാര്യം ഐ.സി.സിയുടെ തർക്ക പരിഹാര സമിതി തള്ളുകയായിരുന്നു.
പാക് ക്രിക്കറ്റ് ടീമുമായി ആറ് മത്സരങ്ങൾ കളിക്കാമെന്ന് 2016ൽ ഇന്ത്യ കരാറൊപ്പിട്ടിരുന്നുവെന്നും എന്നാൽ ഇതിലെ വ്യവസ്ഥകൾ ഇതുവരെ പാലിച്ചില്ലെന്നും ആരോപിച്ചാണ് പാകിസ്ഥാൻ ഐ.സി.സിയെ സമീപിച്ചത്. 2008 മുതൽ ഇന്ത്യ തങ്ങളുമൊത്തുള്ള പരമ്പരകൾ ഒഴിവാക്കുകയാണ്. എന്നാൽ ഐ.സി.സിയുടെ മത്സരങ്ങളിൽ കളിക്കാൻ മടി കാണിക്കുന്നുമില്ലെന്ന് പി.സി.ബി മുൻ ചെയർമാൻ നജം സേത്തി ആരോപിച്ചിരുന്നു. ഇത് മൂലം തങ്ങൾക്ക് 500 കോടിയുടെ നഷ്ടമുണ്ടായെന്നും ഇത് ബി.സി.സിഐ നൽകണമെന്നുമായിരുന്നു പി.സി.ബി.യുടെ ആവശ്യം. തുടർന്ന് ഐ.സി.സി തർക്ക പരിഹാര സമിതി ഇരു ക്രിക്കറ്റ് ബോർഡുകളെയും വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു. തുടർന്ന് സമിതി പാകിസ്ഥാന്റെ പരാതി തള്ളാൻ തീരുമാനിക്കുകയായിരുന്നു.