ഹരിപ്പാട്: ആർക്കെതിരെ ആയാലും ശബരിമലയിൽ അല്ല സമരം ചെയ്യേണ്ടതെന്നും സമരസ്ഥലം തിരഞ്ഞെടുത്തപ്പോൾ ശ്രീധരൻപിള്ളയ്ക്ക് തെറ്റുപറ്റിയെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല സമാപനസമ്മേളനം ഹരിപ്പാട്ട് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി, ആർ.എസ്.എസ് തുടങ്ങി എല്ലാ വലതുപക്ഷ ശക്തികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നിരന്തരം സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രത്യക്ഷ സമരവും ആശയപരമായ സമരവും രാഷ്ട്രീയ സമരവും നടത്തുന്നുണ്ട്. അത് എല്ലാവർക്കും അറിയാം. ശ്രീധരൻ പിള്ള പറയേണ്ട കാര്യമില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചും ആശയ, രാഷ്ട്രീയ സമരങ്ങൾ ചെയ്യാറുണ്ട്. ശബരിമലയിൽ അല്ല സമരം ചെയ്യേണ്ടത് എന്നുള്ള കാര്യം ശ്രീധരൻപിള്ള മറന്നുപോകുന്നു. അതിന്റെ ജനാധിപത്യപരമായ തിരിച്ചടി ബി.ജെ.പി നേരിടേണ്ടി വരും- സുധാകരൻ പറഞ്ഞു.