ബ്രിസ്ബേൺ: ക്രിക്കറ്ര് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിന് ഇന്ന് തുടക്കം. പര്യടനത്തിലെ ആദ്യ ട്വന്റി-20 മത്സരം ബ്രിസ്ബേനിലെ ഗാബ സ്റ്രേഡിയത്തിൽ ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.20 മുതലാണ് മത്സരം.സ്റ്രാർസ്പോർട്സ് ചാനലുകളിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ട്. തുടർച്ചയായുള്ള തോൽവികൾ മൂലം പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും ഒരിക്കലും ഓസീസിനെ എഴുതിത്തള്ളാനാകില്ല.
പലപ്പോഴും ഇന്ത്യയ്ക്ക് ബാലികേറാ മലയാണ് ഓസീസ് പര്യടനം. അതേസമയം ഇത്തവണ ഓസീസ് നിരയിൽ ചില പ്രധാന താരങ്ങളുടെ അഭാവം ഇന്ത്യയ്ക്ക് അനുഗ്രഹമായേക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബാൾ ചുരണ്ടൽ വിവാദത്തിൽപ്പെട്ട് വിലക്ക് നേരിടുന്ന സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർ ഓസീസ് നിരയിൽ ഇല്ലാത്തത് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന കാര്യമാണ്. മറുവശത്ത് സെൻസേഷണൽ ആൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയടെ അഭാവം ഇന്ത്യയ്ക്ക് തലവേദനയാണ്.
ആത്മവിശ്വാസത്തോടെ ഇന്ത്യ
വിരാട് കൊഹ്ലിയുടെ നേതൃത്വത്തിൽ സമീപകാലത്ത് ഏറ്രവും മികച്ച റിസൾട്ടുണ്ടാക്കുന്ന ഇന്ത്യ കംഗാരുക്കോട്ടയിലും ആ മികവ് തുടരാമെന്ന പ്രതീക്ഷയിലാണ്. 2016 ലെ പര്യടനത്തിൽ ട്വിന്റി - 20യിൽ ഓസീസിനെ 3-0ത്തിന് തൂത്തുവാരിയതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ. ഇന്നലെത്തന്നെ ഇന്ത്യ അവസാന പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. എം.എസ്.ധോണിയില്ലാതെ വിദേശത്ത് ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ത്യ ട്വന്റി-20യ്ക്ക് ഇറങ്ങുന്നത്. ദിനേശ് കാർത്തിക്ക് ടീമിലുണ്ടെങ്കിലും ദീർഘകാല നിക്ഷേപമായി വിലയിരുത്തപ്പെടുന്ന റിഷഭ് പന്ത് തന്നെയാകും വിക്കറ്റ് കീപ്പറാവുക. 2016ലെ ഓസീസ് പര്യടനത്തിൽ അരങ്ങേറ്രം നടത്തിയ ജസ്പ്രീത് ബുംറ നിലവിൽ ലോകത്തെ ഏറ്രവും അപകടകാരിയായ ബൗളറായി മാറിയിരിക്കുന്നു. തന്റെ കന്നി ട്വന്റി-20 പരമ്പരയിൽ ആറ് വിക്കറ്രുമായി കളം നിറഞ്ഞ ബുംറ ഓസീസ് മണ്ണിൽ വീണ്ടും ആ നേട്ടം തുടർന്നേക്കുമെന്നാണ് ഇന്ത്യൻ ടീം കരുതുന്നത്. ബംറ, ഭുവനേശ്വർ, ഖലീൽ എന്നിവർക്കായിരിക്കും പേസ് ഡിപ്പാർട്ട്മെന്റിന്റെ ചുമതല. സ്പിൻ ഡിപ്പാർട്ട്മെന്റിൽ ക്രുനാൽ, കുൽദീപ്, ചഹൽ എന്നിവരിൽ രണ്ട് പേർ കളിക്കും.
പന്ത്രണ്ടംഗ ടീം: കൊഹ്ലി, രോഹിത്, ധവാൻ, രാഹുൽ, പന്ത്, കാർത്തിക്, ക്രുനാൽ, കുൽദീപ്, ചഹാൽ, ഭുവനേശ്വർ, ബുംര, ഖലീൽ.
പ്രതീക്ഷയോടെ ഓസീസ്
ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലാണ് മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി-20 പരമ്പരയ്ക്ക് ആസ്ട്രേലിയ ഇറങ്ങുന്നത്. മിച്ചൽ സ്റ്രാർക്ക്, ജോഷ് ഹാസൽവുഡ്, പാറ്റ് കുമ്മിൺസ്, നാഥാൻ ലിയോൺ തുടങ്ങിയ പ്രമുഖ ബൗളർമാർക്കെല്ലാം ടെസ്റ്റ് പരമ്പര മുന്നിൽ കണ്ട് ക്രിക്കറ്റ് ആസ്ട്രേലിയ വിശ്രമം അനുവദിച്ചതിനാൽ നാഥാൻ കോൾട്ടർ നില്ലിനും ആൻഡ്രൂ ടൈക്കും ജാസൺ ബെഹ്റൻഡ്രോഫിനുമായിരിക്കും ട്വന്റി-20യിൽ ബൗളിംഗ് ഡിപ്പാർട്ട്മെന്റിന്റെ പ്രധാന ചുമതല. ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോച്ചേർസിന്റെ വിസ്മയക്കുതിപ്പിന് പിന്നിൽ പ്രധാന ചാലക ശക്തികളാണ് ഇവർ മൂന്ന് പേരും. ഇടംങ്കൈയൻ പേസറായ ബെഹ്റൻഡ്രോഫിനെയാണ് ആതിഥേയർ അവരുടെ കുന്തമുനയായി കാണുന്നത്. ഇടങ്കൈയൻ പേസർമാരെ നേരിടുന്നതിലുള്ള ഇന്ത്യൻ താരങ്ങളുടെ പതർച്ച ബെഹ്റൻഡ്രോഫ് മുതലാക്കുമെന്നാണ് ഓസീസ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. 2017 ലെ ഇന്ത്യൻ പര്യടനത്തിൽ ഗുവാഹത്തിയിൽ നടന്ന രണ്ടാം ട്വന്റി-20യിൽ ബെഹ്റൻഡ്രോഫിന്റെ ബൗളിംഗിന് മുന്നിൽ ഇന്ത്യയുടെ നാല് മുൻനിര ബാറ്റ്സ്മാൻമാരും മുട്ടുകുത്തിയിരുന്നു.ആ മികവ് ബെഹ്റൻഡ്രോഫ് ഇത്തവണയും തുടർന്നാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ പ്രതികൂലമാകും. ഗ്രൗണ്ടും സാഹചര്യങ്ങളും കണക്കിലെടുത്ത് നാല് പേസർമാരെ ഓസീസ് കളിപ്പിച്ചേക്കും. അങ്ങനെ വന്നാൽ ലെഗ് സ്പിന്നർ ആദം സാംപ പുറത്തിരിക്കേണ്ടി വരും. നായകൻ ഫിഞ്ച്, ഷോർട്ട് , ലിൻ, മാക്സ്വെൽ, സ്റ്റോയിനിസ് എന്നിവരിലാണ് ബാറ്രിംഗിലെ പ്രതീക്ഷ.
സാധ്യതാ ടീം: ഫിഞ്ച്,ഷോർട്ട്, ലിൻ, മാക്സ്വെൽ,സ്റ്റോയിനിസ്, മക് ഡെർമോട്ട്, കാരെയ്, കോൾട്ടർനിൽ, ടൈ, ബെഹ്റൻഡ്രോഫ്, സ്റ്രാൻലേക്ക്.