etf

 സമാഹരിക്കുക ₹14,000 കോടി

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം കുറച്ച്, വരുമാനം മെച്ചപ്പെടുത്തുകയും ധനക്കമ്മി കുറയ്‌ക്കുകയും ലക്ഷ്യമിടുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുമായി (ഇ.ടി.എഫ്) വീണ്ടും കേന്ദ്രസർക്കാർ. സെൻട്രൽ പബ്ളിക് സെക്‌ടർ എന്റർപ്രൈസസ് (സി.പി.എസ്.ഇ) ഇ.ടി.എഫിന്റെ നാലാംപതിപ്പ് അടുത്തവാരം കേന്ദ്രസർക്കാർ പുറത്തിറക്കും. 14,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

സി.പി.എസ്.ഇ ഇ.ടി.എഫിന്റെ ആദ്യ മൂന്നു പതിപ്പിലൂടെ സർക്കാർ 11,500 കോടി രൂപ സമാഹരിച്ചിരുന്നു. 2014 മാർച്ചിലെ ഒന്നാംപതിപ്പിലൂടെ 3,000 കോടി രൂപയും 2017 ജനുവരിയിലെ രണ്ടാംപതിപ്പിലൂടെ 6,000 കോടി രൂപയും 2017 മാർച്ചിലെ മൂന്നാംപതിപ്പിലൂടെ 2,500 കോടി രൂപയുമാണ് ലഭിച്ചത്. ഇതിനുപുറമേ, ഈവർഷം ജൂണിൽ 22 കമ്പനികളുടെ ഓഹരികളുൾപ്പെടുത്തി അവതരിപ്പിച്ച ഭാരത് 22 ഇ.ടി.എഫിലൂടെ 8,400 കോടി രൂപയും സർക്കാർ നേടിയിരുന്നു.

മ്യൂച്വൽഫണ്ടുകളുടെ മാതൃകയിലാണ് സി.പി.എസ്.ഇ ഇ.ടി.എഫിന്റെ പ്രവർത്തനം. അടുത്തവാരം പുറത്തിറക്കുന്ന ഇ.ടി.എഫിന്റെ ഇഷ്യൂ വിലയിൽ 3.5 മുതൽ നാല് ശതമാനം വരെ ഡിസ്‌കൗണ്ട് നേടാൻ നിക്ഷേപകർക്ക് അവസരമുണ്ട്. എൻ.ടി.പി.സി ഉൾപ്പെടെ 11 കമ്പനികളുടെ ഓഹരികളാണ് പുതിയ ഇ.ടി.എഫിലുള്ളത്.