പാട്ന: മുസാഫർപുരിലെ പെൺകുട്ടികളുടെ അഭയകേന്ദ്രത്തിൽ ലൈംഗിക പീഡനം നടന്ന സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ മുൻ വനിതാ മന്ത്രി മഞ്ജു വർമ ഒടുവിൽ കീഴടങ്ങി. നിതീഷ് കുമാർ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന മഞ്ജു വർമയാണ് ബേഗുസാരായിയിലെ കോടതിയിൽ കീഴടങ്ങിയത്. അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിലേക്ക് ഏതാനും സഹായികൾക്കൊപ്പം ആട്ടോയിലാണ് ഇവരെത്തിയത്. കോടതി പരിസരത്തേക്കു കടന്ന ഇവർ തലചുറ്റിവീണു. തുടർന്ന് ശുശ്രൂഷ നൽകിയ ശേഷമാണ് കോടതിമുറിയിലേക്കു കൊണ്ടു പോയത്. മുൻ മന്ത്രിയെ പിടികൂടാനാകാത്തതിന്റെ പേരിൽ ബീഹാർ സർക്കാരിനെയും പൊലീസിനെയും സുപ്രീംകോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. നവംബർ 27നു മുൻപു പിടികൂടിയില്ലെങ്കിൽ സംസ്ഥാന പൊലീസ് മേധാവി ഹാജരായി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ച മഞ്ജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയായിരുന്ന മഞ്ജു ഇക്കഴിഞ്ഞ ആഗസ്റ്റിലാണു സ്ഥാനം രാജിവച്ചത്. അഭയകേന്ദ്രത്തിൽ ലൈംഗിക പീഡനത്തിനു നേതൃത്വം നൽകിയിരുന്ന ബ്രജേഷ് താക്കൂറിന്റെ അടുത്ത സുഹൃത്തായിരുന്നു മഞ്ജുവിന്റെ ഭർത്താവ് ചന്ദ്രശേഖർ വർമ. ഇയാൾ കീഴടങ്ങിയിരുന്നു. 30 പെൺകുട്ടികളെങ്കിലും അഭയകേന്ദ്രത്തിൽ ക്രൂര ലൈംഗിക പീഡനത്തിനിരയായെന്നാണു റിപ്പോർട്ട്.