
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 24.06 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ സമാനകാലയളവിൽ ബാങ്ക് 48.99 കോടി രൂപയുടെ നഷ്‌ടമാണ് കുറിച്ചത്. മൊത്തം നിക്ഷേപം 192 ശതമാനം ഉയർന്ന് 3,051.20 കോടി രൂപയിലെത്തി. 2017ലെ ആദ്യ പകുതിയിൽ ഇത് 1,043.47 കോടി രൂപയായിരുന്നു. അറ്റപലിശ വരുമാനം 91.72 കോടി രൂപയിൽ നിന്ന് 257.83 കോടി രൂപയായി. പ്രവർത്തനേതര വരുമാനം 44.23 കോടി രൂപയിൽ നിന്നുയർന്ന് 60.60 രൂപയിലെത്തി. വായ്‌പകൾ 2,344.51 കോടി രൂപയിൽ നിന്നുയർന്ന് 3,993.45 കോടി രൂപയുമായിട്ടുണ്ട്.
അറ്റ നിഷ്‌ക്രിയ ആസ്‌തി 4.99 ശതമാനത്തിൽ നിന്ന് 0.49 ശതമാനമായി താഴ്‌ന്നത് ബാങ്കിന് നേട്ടമായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി 6.85 ശതമാനത്തിൽ നിന്ന് 3.37 ശതമാനത്തിലേക്കും താഴ്‌ന്നു. ഇസാഫ് ബാങ്കിന് 11 സംസ്ഥാനങ്ങളിലായി 422 ശാഖകളും 25 ലക്ഷം ഉപഭോക്താക്കളുമുണ്ട്. 195 എ.ടി.എമ്മുകളും പ്രവർത്തിക്കുന്നു.