പനാജി : വർണാഭമായ ചടങ്ങുകളോടെ ഗോവ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഗോവ ഗവർണർ മൃദുല സിൻഹ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ്, സുധീൻ ധവാലിക്കർ, ഗോവ സംസ്ഥാന ചീഫ് സെക്രട്ടറി ധർമ്മേന്ദ്ര ശർമ്മ, ഫെസ്റ്റിവൽ ജൂറി ചെയർമാൻ റോബർട്ട് ഗ്ലവൻസ്‌കി, വൈസ് ചെയർമാൻ ഇ.എസ്.ജി. ശ്രീരാജേന്ദ്ര തലക്, ഡയറക്ടർ ചൈതന്യ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഇന്ത്യൻ സിനിമയുടെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന 90 മിനിട്ട് നീണ്ടു നിന്ന ഉദ്ഘാടനചടങ്ങിൽ ബോളിവുഡ് നടൻ സോനു സൂധിന്റെയും ശില്പ റാവുവിന്റെയും നൃത്ത സംഗീത പരിപാടികൾ നടന്നു. താരങ്ങളുടെ റെഡ്കാർപെറ്റ് വാക്ക് ചടങ്ങും ഏറെ ആകർഷണീയമായി. അക്ഷയ് കുമാർ, കരൺ ജോഹർ, ജൂലിയൻ ലൻഡായിസ്, ഹൃഷിത ഭട്ട്, മധൂർ ഭണ്ഡാക്കർ, സുഭാഷ് ഖായി, അർജിത്ത് സിംഗ്, രമേഷ് സിപ്പി, ചിൻ പാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുൻകൈയോടെ നിർമിച്ച ഫിലിം ഫെസിലിറ്റേഷൻ ഓഫീസിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
ജൂലിയൻ ലാൻഡെയ്സ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ദ ആസ്‌പേൺ പേപ്പേഴ്സ് ആയിരുന്നു ഉദ്ഘാടന ചിത്രം. കനത്ത സുരക്ഷയിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ.
എട്ട് ദിവസം നീളുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നായി 212 ചിത്രങ്ങളാണ് സിനിമാ പ്രേമികൾക്ക് മുൻപിൽ എത്തുന്നത്. മികച്ച പ്രാതിനിധ്യമാണ് മലയാള സിനിമയ്ക്ക് ഇത്തവണത്തെ മേളയിലുള്ളത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്ന 15 ചിത്രങ്ങളിൽ മൂന്ന് ഇന്ത്യൻ സിനിമകളുണ്ട്. അതിൽ രണ്ടെണ്ണവും മലയാളത്തിൽ നിന്നാണ്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങൾ സുവർണ മയൂരത്തിനായി മാറ്റുരയ്ക്കും.