ന്യൂഡൽഹി: പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) കാർഡിനായി അപേക്ഷിക്കുമ്പോൾ അച്‌ഛന്റെ പേര് നിർബന്ധമാണെന്ന ചട്ടം സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) ഒഴിവാക്കി. അമ്മ, 'സിംഗിൾ പാരന്റ്" ആയിട്ടുള്ളവർക്ക് പാൻ കാർഡ് നേടാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ചട്ടമാണ് ഒഴിവാക്കിയത്. പുതിയ ചട്ടം ഡിസംബർ അഞ്ചിന് പ്രാബല്യത്തിൽ വരും. തുടർന്ന്, പാൻ കാർഡിനായുള്ള അപേക്ഷയിൽ അപേക്ഷകർക്ക് അച്‌ഛന്റെയോ അമ്മയുടെയോ പേര് ഉപയോഗിക്കാം.
പ്രതി സാമ്പത്തിക വർഷം രണ്ടരലക്ഷം രൂപയോ അതിനുമുകളിലോ സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനങ്ങൾ നിർബന്ധമായും പാൻ കാർഡ് നേടണമെന്നും സി.ബി.ഡി.ടി വ്യക്തമാക്കിയിട്ടുണ്ട്. മേയ് 31നകം ഇതിനായുള്ള അപേക്ഷ സമർപ്പിക്കണം. പണമിടപാടുകൾ കൃത്യമായി നിരീക്ഷിക്കാനും നികുതി വെട്ടിപ്പ് കണ്ടെത്താനും ആദായ നികുതി വകുപ്പിന് സഹായകമാകുമെന്ന് വിലയിരുത്തിയാണ് ഈ നിർദേശം.