ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് കരുത്തേകാൻ നാവികസേനയ്ക്ക് രണ്ടു യുദ്ധക്കപ്പലുകൾ കൂടി വരുന്നു. റഡാറിന്റെ കണ്ണിൽപ്പെടാതെ സഞ്ചരിക്കാൻ കഴിയുന്ന രണ്ട് ഗ്രിഗറോവിച്ച് യുദ്ധക്കപ്പലുകൾ ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിക്കും. ഇതു സംബന്ധിച്ച 50 കോടി ഡോളറിന്റെ കരാറിൽ കരാറിൽ ഇരുരാഷ്ട്രങ്ങളും ഇന്ന് ഒപ്പുവച്ചു
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് കപ്പൽ നിർമ്മാണം സംബന്ധിച്ച സാങ്കേതിക വിദ്യ റഷ്യൻ ആയുധ കമ്പനിയായ റോസ്‌ബോറോൺ എക്‌സ്‌പോർട്ട് കൈമാറും. ഇരുകമ്പനികളും ചേർന്നാണ് കപ്പലുകൾ നിര്‍മിക്കുക.2020ൽ നിർമ്മാണം ആരംഭിച്ച് 2027ഓടെ കപ്പലുകൾ നാവിക സേനയ്ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. അത്യാധുനിക മിസൈലുകളും ആയുധങ്ങളും വഹിക്കാനുള്ള ശേഷി ക്കപ്പലുകൾക്കുണ്ട്. ഗ്യാസ് ടർബൈൻ എൻജിനുകളാണ് യുദ്ധക്കപ്പലിന് കരുത്ത് നൽകുന്നത്.
നിലവിൽ റഡാറുകളിൽ കണ്ണിൽപ്പെടാതിരിക്കാൻ ശേഷിയുള്ള ആറ് റഷ്യന്‍ നിർമ്മിത യുദ്ധക്കപ്പലുകൾ ഇന്ത്യയ്ക്കുണ്ട്. നാലെണ്ണം കൂടി നാവികസേനയുടെ ഭാഗമാകുന്നതോടെ സേനയുടെ കരുത്ത് കൂടും. പ്രോജക്ട് 1135.6 എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഈ കപ്പലുകള്‍ നിർമ്മിക്കുമ്പോൾ തുക ഇനിയും ഉയരുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
കഴിഞ്ഞ ആഴ്ച ഇതേ വിഭാഗത്തിൽപെട്ട രണ്ട് യുദ്ധക്കപ്പലുകൾ റഷ്യയിൽ നിന്ന് വാങ്ങാന്‍ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 100 കോടി ഡോളറിന്റേതായിരുന്നു ആ കരാർ.