holland

വെൽറ്റിൻസ് അരീന: നേഷൻസ് ലീഗ് എ ഗ്രൂപ്പ് വണ്ണിൽ കരുത്തരായ ജർമ്മനിയെ സമനിലയിൽ തളച്ച് ഹോളണ്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടി. ജർമ്മനിയിലെ ജൽസനക്രിച്ചനിലെഎഫ്.സി ഷാൽക്കെ 4ന്റെ ഹോം ഗ്രൗണ്ടായ വെൽറ്റിൻസ് അരീനയിൽ വിർജിൻ വാൽ ഡിജ്ക് അവസാന നിമിഷം നേടിയ ഗോളിലാണ് ഹോളണ്ട് ജർമ്മൻ പടയെ 2-2ന് സമനിലയിൽ തളച്ചത്. ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ മറികടന്ന് സെമിയ്ക്ക് യോഗ്യത നേടാൻ ഒരു പോയിന്റാ ണ് മത്സരത്തിന് മുമ്പ് ഹോളണ്ടിന് വേണ്ടിയിരുന്നത്. 9-ാം മിനിറ്റിൽ തിമോ വെർണറും 19-ാം മിനിറ്റിൽ ലെറോയ് സനെയും നേടിയ ഗോളുകളുടെ പിൻബലത്തിൽ തുടക്കത്തിൽ തന്നെ ജർമ്മനി 2-0ത്തിന്റെ ലീഡ് നേടി. ഡച്ച് പടയെ ഞെട്ടിച്ചു. മത്സരത്തിൽ ഹോളണ്ടിനെക്കാൾ ബാൾ പൊസഷനിലും ഷോട്ടുകളിലും പാസിംഗിലും മുന്നിലായിരുന്ന ജമ്മനിക്കെതിരെ ഇടവേളയ്ക്ക് പിരിയുമ്പോഴും ഹോളണ്ടിന് ഒരുഗോൾ പോലും തിരിച്ചടിക്കാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാം പകുതിയുടെ അവസാന അഞ്ച് മിനിറ്രിൽ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. 85-ാം മിനിറ്റിൽ ക്യുൻസി പ്രോംസിന്റെ തകർപ്പൻ വലങ്കാലൻ ഷോട്ടിലൂടെ ഡച്ച് പട ഗോൾ അക്കൗണ്ട് തുറന്നു. പ്രോംസിന്റെ ഷോട്ട് ജർമ്മനിയുടെ ഹമ്മൽസിന്റെ കാലിൽ തട്ടിയാണ് വലയിലെത്തിയത്. തുടർന്ന് കളിതീരാൻ സെക്കന്റുകൾ ശേഷിക്കെ വാൻ ഡിജ്കിന്റെ ക്ലോസ് റേ‌ഞ്ച് ഷോട്ടിലൂടെ ഹോളണ്ട് സമനിയും സെമി ബർത്തും സ്വന്തമാക്കുകയായിരുന്നു. നേരത്തേ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ ഹോളണ്ട് ജർമ്മനിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെ 2-0ത്തിനും കീഴടക്കി.