kayamkulam

മലയാള സിനിമയുടെ ബോക്സോഫീസ് ചരിത്രത്തിൽ നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി കായംകുളം കൊച്ചുണ്ണി. റോഷൻ ആൻഡ്രൂസ്,​ നിവിൻ പോളി,​ മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ചിത്രം തീയേറ്ററുകളിലെത്തിയിട്ട് നാല്പത് ദിവസം പിന്നിടുമ്പോഴാണ് ചിത്രം നൂറുകോടി ക്ലബ്ബിലെത്തുന്നത്.

മോഹൻലാൽ നായകനായെത്തിയ പുലിമുരുകനാണ് ആദ്യമായി നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ ചിത്രമെന്ന നേട്ടം കൈവരിച്ചത്. 150കോടി രൂപയാണ് പുലിമുരുകൻ നേടിയത്. നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് കായംകുളം കൊച്ചുണ്ണി. 45 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആകെ മുതൽമുടക്ക്. 12കോടിയോളം രൂപ സെറ്റിന് വേണ്ടി മാത്രം ചിലവഴിച്ചിരുന്നു. ഗോകുലം മൂവീസാണ് ചിത്രം നിർമ്മിച്ചത്. റോഷൻ ആൻഡ്രൂസ് ചിത്രത്തിന് ബോബി-സഞ്ജയാണ് തിരക്കഥ ഒരുക്കിയത്. ആഗോളതലത്തിലെ ബിസിനസ് വഴിയാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയതെന്ന് അണിയറക്കാർ വ്യക്തമാക്കി. ചിത്രത്തെ സംബന്ധിച്ച കണക്കുകളും അണിയറക്കാർ പുറത്ത് വിട്ടിട്ടുണ്ട്.


കേരള/ഔട്ട് സൈഡ് കേരള കളക്ഷൻ - 57 കോടി
സാറ്റലൈറ്റ് റേറ്റ് - 15 കോടി
ജി.സി.സി - 18 കോടി
ഔട്ട് സൈഡ് ജി.സി.സി - 4.82 കോടി (യു.കെ 1.75 കോടി,​ ന്യൂസിലാന്റ് - 17 ലക്ഷം,​ അമേരിക്ക - 1.8 കോടി,​ ഓസ്ട്രിയ - 1.10കോടി)​
ഓഡിയോ,​വീഡിയോ റൈറ്റ്സ് - 1 കോടി
ഡബ്ബിങ്ങ് റൈറ്റ്സ് - 3.35 കോടി
ഹിന്ദി റൈറ്റ്സ് - 3 കോടി
ആകെ 102.32 കോടി