ന്യൂഡൽഹി: പത്താമത് ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഉരുക്കുവനിത മേരി കോം മെഡലുറപ്പിച്ചു. ലൈറ്റ് വെയ്റ്ര് 48 കിലോഗ്രാം ക്വാർട്ടറിൽ ചൈനയുടെ യു വുവിനെ 5-0ത്തിന് തോൽപ്പിച്ച് സെമിയിലെത്തിയാണ് മേരി മെഡൽ ഉറപ്പിച്ചത്. ഉത്തര കൊറിയയുടെ കിം ഹയാംഗാണ് സെമിയിൽ മേരിയുടെ എതിരാളി. കൊറിയയുടെ ബാക് ചൊറോംഗിനെ തോൽപ്പിച്ചാണ് ഹയാംഗ് സെമിയിലെത്തിയത്. കഴിഞ്ഞ വർഷം വിയറ്റ്നാമിൽ നടന്ന ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കിംമ്മിനെ കീഴടക്കിയാണ് 35 കാരിയായ മേരി സ്വർണം നേടിയത്.
ലോകചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണമെഡൽ ഇതുവരെ നേടിക്കഴിഞ്ഞ മേരിക്ക് ഇത്തവണ സ്വർണം നേടിയാൽ അയർലൻഡിന്റെ കാത്തി ടെയ്ലറെ മറികടന്ന് ഏറ്രവും കൂടുതൽ സ്വർണം നേടിയ താരമാകാം. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ മേരി വെങ്കലം നേടിയിരുന്നു. 2001ലെ ആദ്യ ലോകചാമ്പ്യൻഷിപ്പിൽ മേരി വെള്ളി നേടിയിരുന്നു. 2010ലാണ് അവസാനമായി മേരി ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്നത്.
മേരിയെക്കൂടാതെ ഇന്ത്യയുടെ മൂന്ന് കന്നിയങ്കക്കാരും സെമിയിലെത്തി മെഡലുറപ്പിച്ചു. ലോവ്ലിന (69കി.ഗ്രാം), സോണിയ (57 കി.ഗ്രാം), സിമ്രൻജീത്ത് കൗർ (64 കി.ഗ്രാം) എന്നിവരാണ് മേരിയെക്കൂടാതെ സെമിയിലെത്തിയ ഇന്ത്യൻ താരങ്ങൾ.
2018ലെ കോമൺവെൽത്ത് വെങ്കല മെഡൽ നേടിയ ആസ്ട്രേലിയയുടെ കെയ് സ്കോട്ടിനെ 5-0ത്തിന് ക്വാർട്ടറിൽ വീഴ്ത്തിയാണ് വെൽറ്റർവെയ്റ്ര് വിഭാഗത്തിൽ ലോവ്ലിന സെമിയിലെത്തിയത്.ചൈനീസ് തായ്പേയുടെ ചെൻ - നെയ്ൻ ചിന്നാണ് സെമിയിൽ ലോവ്ലിനയുടെ എതിരാളി.
കൊളംബിയയുടെ യെനി കസ്റ്റേൻഡയെ 4-1ന് ക്വാർട്ടറിൽ കീഴടക്കിയാണ് സോണിയ 57കി.ഗ്രാമിൽ സെമിയിലെത്തിയത്. ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ഉത്തര കൊറിയയുടെ പാംഗ് ചോൾ നീ യാണ് സോണിയയുടെ അടുത്ത എതിരാളി.