കൊൽക്കത്ത: രഞ്ജിട്രോഫി എലൈറ്ര് ഗ്രൂപ്പ് ബിയിൽ ബംഗാളിനെ കേരളം ഒന്നാം ഇന്നിംഗ്സിൽ 147 റൺസിന് ആൾഔട്ടാക്കി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ കേരളം ഒന്നാം ദിനം സ്റ്രമ്പെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെടുത്തിട്ടുണ്ട്.അരുൺ കാർത്തിക്കിന്റെ (1) വിക്കറ്രാണ് കേരളത്തിന് നഷ്ടമായത്. അരുണിനെ ഇന്ത്യൻ ഇന്റർ നാഷണൽ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 14 റൺസ് വീതം നേടി ജലജ് സക്സേനയും രോഹൻ പ്രേമുമാണ് ക്രീസിൽ.
നേരത്തേ ടോസ് നേടിയ കേരളത്തിന്റ നായകൻ സച്ചിൻ ബേബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവച്ച് ബൗളർമാർ നിറഞ്ഞാടിയപ്പോൾ ബംഗ്ലാബാറ്റിംഗ് നിര ചീട്ടുകൊട്ടാരംപോലെ തകർന്ന് വീഴുകയായിരുന്നു. 4 വിക്കറ്രെടുത്ത ബേസിൽ തമ്പിയും 3 വിക്കറ്റെടുത്ത എം.ഡി. നിധീഷുമാണ് ബംഗാൾ ബാറ്രിംഗ് നിരയെ ചുരുട്ടിക്കെട്ടിയത്. സന്ദീപ് വാരിയർ രണ്ടും ജലജ് സക്സേന ഒരു വിക്കറ്രും വീഴ്ത്തി. അർദ്ധ സെഞ്ചവറ നേടിയ അനുസ്തംപ് മജുംദാറാണ് (53) ബംഗാളിന്റെ ടോപ് സ്കോറർ.
നാല് ബാറ്ര്സ്മാൻമാർക്ക് റൺസ് എടുക്കാനായില്ല.