sabarimala

ശബരിമല: ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി.ഇതിനെത്തുടർന്ന് വലിയനടപ്പന്തലിൽ തീർത്ഥാടകർക്ക് വിശ്രമിക്കാൻ അനുവാദം ഉണ്ടായിരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും ഭിന്നശേഷിയുള്ളവർക്കുമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാൽ രാത്രി മുഴുവൻ വിരിവച്ച് കഴിയാൻ അനുവദിക്കില്ല. വിരിവയ്ക്കാൻ സജ്ജീകരിച്ചിട്ടുള്ള സ്ഥലങ്ങളിൽ അതിനുള്ള സൗകര്യം ഒരുക്കുമെന്നും പൊലീസ് അറിയിച്ചു. ശബരിമലയിൽ ഭക്തർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായതിനെത്തുടർന്നാണ് നടപടി.

വലിയനടപ്പന്തലിൽ നിന്ന് വിരിവയ്ക്കാൻ അനുവദിക്കാതെ തീർത്ഥാടകരെ ഒഴിപ്പിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ ശബരിമലയിൽ നാമജപ പ്രതിഷേധവും അതിനെത്തുടർന്ന് സംഘർഷവും ഉണ്ടായിരുന്നു. അറസ്റ്റിലായവരെ കോടതി റിമാൻഡും ചെയ്തിരുന്നു. ഇന്നും ശബരിമലയിൽ ഒമ്പതുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.