പാനാജി: ഗോവൻ ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം ആസ്‌പേൺ പേപ്പേഴ്സ് ചരിത്രത്തിലേക്കുള്ള ഒരു മടക്കയാത്രയായി.വെനീസിൽ 1885 ൽ ജീവിച്ച ജെഫ്രി ആസ്‌പേൺ എന്ന കാൽപ്പനികനായ കവി ജൂലിയാന ബർദ്ദോ ( വനേസ്സാ റെഡ്‌ഗ്രേവ്)എന്ന തന്റെ കാമുകിയ്ക്കയച്ച പ്രണയക്കുറിപ്പുകൾ അന്വേഷിച്ചിറങ്ങുന്ന എഴുത്തുകാരന്റെ കഥയാണ് പ്രമേയം.
മോർട്ടൺ വിന്റ് (ജോനാഥൻ റൈവ്സ്) എന്ന ഈ എഴുത്തുകാരൻ ജൂലിയാനയേയും അവരുടെ അനന്തരവളായ ടീനയേയും വെനീസിലെ ഒരു ബംഗ്ലാവിൽ കണ്ടെത്തുന്നു.പണം വാരിയെറിഞ്ഞ് ബംഗ്ലാവിൽ മുറി സമ്പാദിക്കുന്ന മോർട്ടണിന് ആ കത്തുകൾ നേടാൻ കഴിയുമോ?ടീനയുമായി അടുപ്പത്തിലാകുന്ന മോർട്ടന്റെ ചിന്തകൾ അവരുടെ പ്രീതിയിലൂടെ കത്തുകൾ കൈക്കലാക്കുകയെന്നാണ്..പക്ഷേ അടുപ്പം,അകൽച്ച ,ആസക്തി,എന്നീ വികാരങ്ങളുടെ വേലിയേറ്റത്തിൽ മോർട്ടന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കുകയാണ്.
ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞു നടത്തം സത്യത്തെ മറയ്ക്കുമെന്ന് ബോർദ്ദോ പറയുന്നുണ്ട്.എന്നാൽ കാലത്തിന്റെ പിന്നാമ്പുറങ്ങളിൽ നിന്ന് ചരിത്രത്തെ വീണ്ടെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മോർട്ടൺ വാദിക്കുന്നു.ആന്റിയോടൊപ്പമുള്ള അനുസരണയിൽ മുഴുകുന്ന വിരസമായ ജീവിത്തിൽ നിന്ന് മോർട്ടണോട് ടീനയ്ക്ക് തോന്നുന്ന ആസക്തിയും അനുരാഗവും അതേ അർത്ഥത്തിൽ ഉൾക്കൊള്ളുന്നതിൽ മോർട്ടൺ പരാജയപ്പെടുകയാണ്.ഒന്നും പഴയപോലെ തിരിച്ചു വരില്ലെന്ന സന്ദേശം ചിത്രം നൽകുന്നുണ്ട്.
വനേസ്സാ റെഡ്‌ഗ്രേവ് വീണ്ടും
ഇതിഹാസതുല്യയായ നടിയെന്ന് ടെന്നസി വില്യംസും ആർതർ മില്ലറും വിശേഷിപ്പിച്ച വനേസ്സാ റെഡ്‌ഗ്രേവാണ് തന്റെ 81ാം വയസ്സിൽ ജൂലിയാനാ ബോർദ്ദോയെ അവതരിപ്പിക്കുന്നത്..ഓസ്‌കാർ അടക്കം മികച്ച അഭിനേത്രിക്കുള്ള നിരവധി പുരസ്‌കാരങ്ങൾ നേടിയ വനേസ്സയുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ സവിശേഷത.വനേസ്സയുടെ മകൾ ജോളി റിച്ചാർഡ്സണാണ് അനന്തരവളായടീനയുടെ വേഷം അവതരിപ്പിക്കുന്നത്.ജൂലിയൻ ലാൻഡെയ്സ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും കലാ അക്കാഡമിയിൽ നടന്ന പ്രഥമ പ്രദർശനത്തിൽ സന്നിഹിതരായിരുന്നു.