കട്ടപ്പന: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പീരുമേട് സബ് ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ ജനനേന്ദ്രിയം ഛേദിച്ച നിലയിൽ കണ്ടെത്തി. കുമളി ഡൈമുക്ക് സ്വദേശി ചുരളി (42)നെയാണ് സെല്ലിനുള്ളിൽ സ്വന്തം ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഇയാളെ ഉടൻ തന്നെ ജയിൽ അധികൃതർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ചികിത്സയ്‌ക്ക് വിധേയനാക്കിയ ഇയാൾ അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഷേവ് ചെയ്യാൻ ജയിൽ അധികൃതർ നൽകിയ ബ്ലേഡ് ഉപയോഗിച്ച് പ്രതി സ്വയം തന്റെ ജനനേന്ദ്രിയം ഛേദിച്ചുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
കഴിഞ്ഞ ദിവസം രാവിലെയാണ് പീരുമേട് സബ് ജയിലിലെ തടവുമുറിയിൽ ജനനേന്ദ്രിയും പൂർണമായും ഛേദിക്കപ്പെട്ട നിലയിൽ ചുരളിയെ കണ്ടെത്തുന്നത്. രക്തപ്രവാഹം ഉണ്ടായതും ചുരളിയുടെ നിലവിളിയുമാണ് സംഭവം പുറംലോകമറിയാൻ കാരണമായത്. ഉടൻ തന്നെ ജയിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താലൂക്ക ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. തുടർന്ന് ഇയാളെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി.
നാല് മാസം മുൻപ് അറസ്‌റ്റിലായ പ്രതിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യക്കാർ ഹാജരാകാത്തതിനെ തുടർന്ന് റിമാൻഡിൽ തുടരുകയായിരുന്നു.