ചെറുവത്തൂർ: 'ശൂനോ ആദ ..പുല്ലൂസ് ജതീത്' ( എന്താ അത് പുതിയ കറൻസിയാണോ ) കടയിലെ വിറ്റുവരവായ രണ്ടായിരം രൂപയുടെ കറൻസിയടക്കം 60,000 രൂപ റബ്ബർ ബാന്റിടുന്നതിനിടയിൽ കടയിലെത്തിയ അറബികളായ മൂന്നുപേരുടെ ചോദ്യത്തിന് അറബ് നാട്ടിൽ ഏറെക്കാലം ജോലിചെയ്തിരുന്ന കടയുടമ ഉത്തരവും കൊടുത്തുആയ്വ ..(അതെ).
അതിലൊരാൾ കെട്ടിലുള്ള രണ്ടായിരം രൂപയിൽ ഒന്ന് തൊട്ടുനോക്കുകയും ചെയ്തു. തുടർന്ന് ഈ മൂവ്വർ സംഘം സ്ഥലം വിട്ടപ്പോഴാണ് 60,000 രൂപയുടെ കെട്ടിൽ നിന്നും രണ്ടായിരത്തിന്റെ 22 നോട്ടുകൾ (44000 രൂപ ) നഷ്ടപ്പെട്ടതും കടയിൽ വന്നത് തസ്‌ക്കര വീരന്മാരായ 'ആലിബാബ'യുടെ തലമുറയിൽപ്പെട്ടവരെന്നും തിരിച്ചറിഞ്ഞത്. പക്ഷേ അപ്പോഴേക്കും സംഘം സ്ഥലം വിട്ടിരുന്നു..
സംഭവം നിമിഷങ്ങൾക്കകം ടൗണിൽ വൈറലായപ്പോൾ വ്യാപാരികൾ നഗരത്തിൽ അരിച്ചുപെറുക്കിയെങ്കിലും ഈ മൂവർ സംഘത്തിന്റെ പൊടിപോലും കണ്ടെത്താൻ കഴിഞ്ഞില്ല. ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിനു പരിസരത്തെ മുൻ പ്രവാസിയായ ശ്രീധരന്റെ മേന്മ സ്റ്റോറിൽനിന്നാണഅ പട്ടാപ്പകൽ രണ്ടു മണിയോടെ അരലക്ഷത്തോളം രൂപ അടിച്ചുമാറ്റിയത്.
കടയുടമ ശ്രീധരൻ സംഭവം വിവരിക്കുന്നത് ഇങ്ങനെ... കാശെണ്ണി തിട്ടപ്പെടുത്തുന്നതിനിടയിലാണ് ഇംഗ്ലീഷ് സംസാരിക്കുന്ന മൂന്നുപേർ കടയിലെത്തുന്നത്. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞപ്പോൾ അറബികളാണെന്നും അറബ് അറിയാമോ എന്ന് പറഞ്ഞതോടെ അറബ് നാട്ടിൽ ഏറെക്കാലം ജോലി ചെയ്തിരുന്ന ശ്രീധരനു അറബി സംസാരിക്കാൻ ഉത്സാഹവും കൗതുകവും തോന്നുകയും അവരുമായി ഇടപഴകയുമായിരുന്നു. ഈ അവസരം മുതലാക്കി കൊണ്ടാണ് തസ്‌കര വീരന്മാർ കാര്യം സാധിച്ചത്.
കാഴ്ചയിലും പെരുമാറ്റത്തിലും രണ്ടു പേർ ഭാര്യ ഭർത്താക്കന്മാരെന്നു തോന്നും. മറ്റെയാൾ അൽപ്പം പ്രായ കൂടുതൽ ഉള്ള ആളുമാണ്. ഇവർ കടയിൽ എത്തിയത് ഒരു കാറിലാണെന്നും തിരിച്ചുപോയത് ഒരു ഓട്ടോ റിക്ഷയിലുമാണെന്ന് പരിസരത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട് .ചന്തേര പൊലീസ് അന്വേഷണമാരംഭിച്ചു.