കണ്ണൂർ: ശബരിമലയിൽ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാനാവില്ല. കണ്ണൂരിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ കോടതി അറസ്റ്റ് വാറണ്ട് അയച്ചതിനെ തുടർന്നാണിത്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയിൽ സൂപ്രണ്ടിന് കൈമാറി.
സുരേന്ദ്രനുമായി കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് പൊലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നൽകി. കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥർ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരായി വിവരമറിയിക്കും.
അതേസമയം, ശബരിമല കേസിൽ പത്തനംതിട്ട മുൻസിഫ് കോടതിയാണ് ഇന്ന് ജാമ്യഹർജി പരിഗണിക്കുന്നത്. ഇതിനിടെയാണ് സുരേന്ദ്രന് കുരുക്കായി വാറണ്ടെത്തിയത്. രണ്ട് ജാമ്യാപേക്ഷയിലും പൊലീസ് ഇന്ന് റിപ്പോർട്ട് നൽകും. കെ.സുരേന്ദ്രനും ആർ.രാജേഷ് ഉൾപ്പടെയുള്ള 69 പ്രതികൾക്കും ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും.