പനാജി: സംസ്ഥാനത്തിന് മുഴുവൻ സമയ മുഖ്യമന്ത്രി വേണമെന്ന് ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ വീടിന് മുന്നിലേക്ക് വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലി. അസുഖബാധിതയായി വീട്ടിൽ വിശ്രമിക്കുന്ന പരീക്കർ 48 മണിക്കൂറിനകം രാജി വയ്‌ക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഭരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനറുമായാണ് നിരവധി ആളുകൾ പരീക്കറിന്റെ സ്വകാര്യ വസതിയിലേക്ക് മാർച്ച് ചെയ്‌തത്. കോൺഗ്രസ്, എൻ.സി.പി, ശിവസേന തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും വിവിധ സന്നദ്ധ സംഘടനകളും സമരത്തിന് അണിചേർന്നിരുന്നു.
സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കാൻ പരീക്കർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം രാജിവച്ച് മറ്റൊരാളെ ഭരണം ഏൽപ്പിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ഒമ്പത് മാസത്തോളമായി പരീക്കർ അസുഖ ബാധിതനായി കഴിയുന്നതിനാൽ സംസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളും താളം തെറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ചില ഉദ്യോഗസ്ഥരും ചില പ്രത്യേക താത്പര്യമുള്ള നേതാക്കളുമാണ് സംസ്ഥാനത്തിന്റെ ഭരണം നടത്തുന്നതെന്നുമാണ് സമരക്കാരുടെ ആരോപണം.
പാൻക്രിയാസ് ക്യാൻസർ മൂലം ചികിത്സയിൽ കഴിയുന്ന പരീക്കർ മരിച്ചുപോയെന്ന് അടുത്തിടെ കോൺഗ്രസ് ആരോപിച്ചിരുന്നു. ഒക്‌ടോബർ 14ന് ഡൽഹി എയിംസിൽ നിന്നും ഡിസ്ചാർജ് ചെയ്‌തതിന് ശേഷം പൊതുപരിപാടിയിലും പരീക്കർ പങ്കെടുത്തിരുന്നില്ല. ഗോവയിലെ സ്വകാര്യ വസതിയിൽ 24 മണിക്കൂറും ഡോക്‌ടർമാരുടെയും പാരാമെഡിക്കൽ സ്‌റ്റാഫുകളുടെയും നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന.