sabarimala

സ്വകാര്യ ചാനൽ ചർച്ചയിൽ പങ്കെടുത്ത് ഭക്തർ വിശ്രമിക്കാതിരിക്കാനായാണ് നടപ്പന്തലിൽ ഫയർ ഫോഴ്സ് തുടർച്ചയായി വെള്ളമൊഴിച്ച് കഴുകുന്നതെന്ന ആരോപണത്തിൽ ഉറച്ച് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഇരുപത് വർഷമായി ശബരിമലയിൽ മണ്ഡലകാലത്ത് റിപ്പോർട്ടിങ്ങിനെത്തുന്ന മാദ്ധ്യമപ്രവർത്തകരിൽ നിന്നും മനസിലാക്കിയ വിവരങ്ങാണ് താൻ പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. മുൻ വർഷങ്ങളിൽ സന്നിധാനത്തിന് താഴെയുള്ള നടപ്പന്തൽ തുടർച്ചയായി കഴുകുമായിരുന്നില്ല. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് ശുചീകരണത്തിന്റെ ഭാഗമായി ഫയർ എഞ്ചിൻ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കഴുകിയാൽ പിന്നെ മണ്ഡലപൂജയുടെ ഭാഗമായി തങ്ക അങ്കിവരുന്നതിന് മുൻപായും, മകരവിളക്കിന് തിരുവാഭരണം വരുന്നതിന് മുൻപായും മാത്രമാണ് നടപ്പന്തൽ ഇത്തരത്തിൽ കഴുകി വൃത്തിയാക്കുന്നത്. എന്നാൽ ഇക്കുറി ഭക്തരെ ബുദ്ധിമുട്ടിക്കാനാണ് തുടർച്ചയായി ഫയർ എഞ്ചിൻ ഉപയോഗിച്ച് കഴുകിയതെന്ന് വ്യക്തമാണെന്നും അദ്ദേഹം കുറിക്കുന്നു.

ചാനൽ ചർച്ചയ്ക്ക് ശേഷം തന്റെ നിലപാടുകളെ ഫേസ്ബുക്കിലൂടെ വിമർശിച്ച ദേവസ്വം മന്ത്രിയ്ക്കുള്ള മറുപടിയായിട്ടാണ് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഈ വിവരങ്ങൾ നൽകുന്നത്. സർക്കാരിനെയും മന്ത്രിയേയും വിമർശിക്കുന്നവരെ മുഴുവൻ വർഗ്ഗീയതയുടെ ചാപ്പകുത്തി പ്രതിരോധിക്കാനുള്ള തന്ത്രം ഇനി അധികകാലം വിലപ്പോവില്ല.വെള്ളം തുടർച്ചയായി വീഴ്തി ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം കേട്ട് ഞെട്ടാതിരുന്ന മന്ത്രി ഞാൻ അത് ആവർത്തിച്ചപ്പോൾ ഞെട്ടിയതെന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നും എൻ.കെ.പ്രേമചന്ദ്രൻ ചോദിക്കുന്നു.