news-headlines

1. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ ഷാനവാസ് അന്തരിച്ചു. 67 വയസായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്ന ഷാനവാസിന്റെ അന്ത്യം പുലര്‍ച്ചെ ഒന്നരയോടെ. നിലവില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയാണ്. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടതുമ്പടി പള്ളിയില്‍

2. ഉച്ചയോടെ കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കരള്‍ രോഗത്തെ തുടര്‍ന്ന് ഷാനവാസിനെ ചെന്നൈ ക്രോംപെട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ മാസം 31ന്. 2009ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. ഒന്നരലക്ഷത്തില്‍ അധികം വോട്ടുകള്‍ക്കാണ് വിജയിച്ചത്. വയനാട്ടില്‍ നിന്ന് രണ്ട് തവണ ലോക്സഭയില്‍ എത്തി. 2010ല്‍ രോഗ ബാധിതനായതോടെ കുറച്ചു നാളത്തേക്ക് സജീവ രാഷ്ട്രീയത്തില്‍ നിന്നു മാറിനിന്ന ഷാനവാസ് നീണ്ട ചികില്‍സകള്‍ക്കു ശേഷം പിന്നീട് പൊതു ജീവിതത്തിലേക്കു തിരിച്ചെത്തി.

3. 2014ലെ തിരഞ്ഞെടുപ്പില്‍ 20870 വോട്ടുകള്‍ക്ക് എല്‍.ഡി.എഫിന്റെ സത്യന്‍ മൊകേരിയെ പരാജയപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പോഷക സംഘടനകളില്‍ നേതൃപരമായ ചുമതലകള്‍ വഹിച്ചു. കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളായ നേതാക്കളില്‍ ഒരാളായിരുന്നു. എം.ഐ ഷാനവാസിന്റെ വിയോഗത്തില്‍ അനിശോചിച്ച് മുഖ്യമന്ത്രി പിണറായി. കേരളത്തിന്റെ വികസനത്തിന് ശ്രദ്ധ കേന്ദ്രീകരിച്ച രാഷ്ട്രീയ നേതാവ് ആയിരുന്നു ഷാനവാസ് എന്ന് പിണറായി അനുസ്മരിച്ചു

4. രാഷ്ട്രീയ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൊലീസ് നിയന്ത്രിണങ്ങള്‍ക്കുമിടെ മണ്ഡലകാലം അഞ്ചാം ദിവസത്തിലേക്ക്. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള പൂജകള്‍ പുരോഗമിക്കവെ, കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും തിരക്ക് കുറവാണ്. കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ പൊന്‍ രാധാകൃഷ്ണന്‍ ഇന്ന് ശബരിമലയില്‍ എത്തും

5. അതിനിടെ, ശബരിമലയിലെ പൊലീസ് നിയന്ത്രങ്ങള്‍ ഭാഗികമായി നീക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വലിയ നടപ്പന്തലില്‍ അടക്കം വിശ്രമിക്കാം. സന്നിധാനത്തെ മറ്റ് കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് വിരിവയ്ക്കുന്നതിന് തടസമില്ലെന്നും ഐ.ജി വിജയ് സാക്കറെ. സന്നിധാനത്ത് മുന്‍പ് നടന്ന പ്രതിഷേധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് വലിയ നടപ്പന്തലിലും തിരുമുറ്റത്തും വിരിവയ്ക്കുന്നതിന് ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇരുന്നത്

6. പൊലീസ് നിയന്ത്രണം ഭാഗീകമായി നീക്കിയതോടെ പ്രതിഷേധം അവസാനിപ്പിക്കും എന്ന സൂചന നല്‍കി ബി.ജെ.പി. എന്നാല്‍ വലിയ നടപ്പന്തലില്‍ രാത്രി താമസിക്കാന്‍ അനുവദിക്കില്ല. വാവര് സ്വാമി നടയ്ക്ക് മുന്നിലെ ബാരിക്കെഡും നിരോധനാജ്ഞയും തുടരും. ഇന്നലെ രാത്രി വി. മുരളീധരന്‍ എം.പി അടക്കം ബി.ജെ.പി നേതാക്കള്‍ നാമജപ കൂട്ടായ്മ നടത്തി

7. റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെയും സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേരുടെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രണ്ട് ജാമ്യാപേക്ഷയിലും പൊലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കെ.സുരേന്ദ്രനും ആര്‍.രാജേഷ് ഉള്‍പ്പടെയുള്ള 69 പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍

8. വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണം എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിളളയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എടുത്ത കേസ് റദ്ദാക്കാന്‍ ആകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിനു ശേഷം സന്നിധാനത്ത് സംഘര്‍ഷം ഉണ്ടായി എന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രസംഗം പൂര്‍ണമായും കേള്‍ക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാദം

9. ശബരിമലയിലെ ആചാര ലംഘനങ്ങള്‍ക്കും പൊലീസ് നിയന്ത്രണങ്ങള്‍ക്കും എതിരെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏതാനും പേരുടെ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയ്ക്കുവരും

10. ഭീകര സാന്നിധ്യത്തെ തുടര്‍ന്ന് രാജ്യത്ത് ആതീവ ജാഗ്രത. തലസ്ഥാനത്ത് എത്തി എന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ ഫോട്ടോ ഉള്‍പ്പെടുന്ന പോസ്റ്റര്‍ പുറത്തു വിട്ട് ഡല്‍ഹി പൊലീസ്. കഴിഞ്ഞ ആഴ്ച ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പഞ്ചാബ് അതിത്തി വഴി ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നു എന്ന രഹസ്യ വിവരം അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ഡല്‍ഹി പൊലീസ് ഫോട്ടോ ഉള്‍പ്പെടുന്ന പോസ്റ്റര്‍ പുറത്തു വിട്ടത്

11. അതിനിടെ, തെക്കന്‍ കാശ്മീരില്‍ വിഘടനവാദി നേതാവ് വെടിയേറ്റ് മരിച്ചു. അനന്ത്നാഗ് ജില്ലയിലെ തെഹ്രിക് ഇ ഹുറിയത്ത് പ്രസിഡന്റ് ഹഫീസുള്ള മിര്‍ ആണ് കൊല്ലപ്പെട്ടത്. അനന്ത്നാഗ് ജില്ലയിലെ അച്ചാബാലില്‍ വീടിനു സമീപം ഇയാള്‍ക്കു നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുക ആയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ്