ajith-doval

ന്യൂഡൽഹി: സി.ബി.ഐ തലപ്പത്തുണ്ടായ അധികാര തർക്കത്തിനിടെ രാജ്യത്തെ സുപ്രധാന പദവികളിൽ ഇരിക്കുന്ന വ്യക്തികളുടെ അടക്കം ഫോൺ വിളികൾ ചോർത്തിയതായി സംശയം. വ്യാജരേഖകൾ ഉപയോദിച്ച് അനധികൃത സിം കാർഡുകൾ സംഘടിപ്പിച്ച് ക്ലോണിംഗ് നടത്തിയാണ് ചോർത്തൽ നടത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റേത് അടക്കമുള്ള ഫോൺ കോളുകളാണ് ചോർത്തിയത്.

കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ സി.ബി.ഐ സ്‌പെഷ്യൽ ഡയറക്‌ടർ രാകേഷ് അസ്‌താനയ്‌ക്ക് വേണ്ടി ദേശീയ ഡോവൽ ഇടപെട്ടുവെന്ന് ആരോപിച്ച് സി.ബി.ഐ ഡി.ഐ.ജി മനീഷ് സിൻഹ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നിർണായക വിവരങ്ങളുള്ളത്. ഡോവലും രാകേഷ് അസ്താനയും നടത്തിയ ഫോണ്‍ സംഭാഷണം ചൂണ്ടിക്കാട്ടിയാണ് മനീഷ് സിന്‍ഹ നിര്‍ണായകകാര്യങ്ങള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അസ്‌താനയ്‌ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഡോവല്‍ ഇക്കാര്യം അസ്താനയെ അറിയിച്ചിരുന്നു. ഇതോടെ തന്നെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു അസ്താനയുടെ അഭ്യർത്ഥനയെന്നും മനീഷ് സിൻഹ തുടരുന്നു.

രാകേഷ് അസ്താനയ്ക്കെതിരെയുള്ള അന്വേഷണത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇടപെട്ടെന്നും കേന്ദ്ര കൽക്കരി സഹമന്ത്രി എച്ച്.പി. ചൗധരി കോടികൾ കോഴവാങ്ങിയെന്നുമുള്ള സിൻഹയുടെ ഹർജിയിലെ വെളിപ്പെടുത്തൽ മാദ്ധ്യമങ്ങളിൽ വന്നതിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി അതൃപ്തി വ്യക്തമാക്കിയിരുന്നു. ആർക്കും എന്തും പറയാനുള്ള വേദിയല്ല കോടതിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.