kerala-high-court-sabarim

കൊച്ചി: ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ ആർക്കൊക്കെ ബാധമാകുമെന്ന് സർക്കാർ വിശദീകരിക്കണം.ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസുകാർ എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വിശദമായ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഹർജികൾ ഉച്ചക്ക് 1.45ന് ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.

അതേസമയം, സന്നിധാനത്തെ വലിയ നടപ്പന്തലിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പൊലീസ് ഇന്നലെ മുതൽ ഭാഗികമായി ഇളവ് നൽകിയിരുന്നു. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐ.ജി വിജയ് സാഖറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ വാക്കാലുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നടപ്പന്തലിൽ ഭക്തർക്ക് വിശ്രമിക്കാൻ അനുമതി നൽകി.എന്നാൽ നിലവിൽ ഇവിടെ വിരിവക്കാനോ രാത്രി സമയം താമസിക്കാനോ അനുമതിയില്ല. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവർക്ക് വിരിവയ്ക്കാൻ സന്നിധാനത്ത് അഞ്ചിടങ്ങളിലായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനായി സഹായം ആവശ്യമുള്ളവർക്ക് പൊലീസ് സേവനം നൽകും.