നിലയ്‌ക്കൽ: പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ശബരിമല സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയും തമ്മിൽ വാക്കുതർക്കം. പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പോകുന്നുണ്ടല്ലോ അതുപോലെ എല്ലാ വാഹനങ്ങളെയും കടത്തിവിടണമെന്ന് മന്ത്രി പൊൻരാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടാൽ ഗതാഗത തടസം ഉണ്ടാവുമെന്നും കെ.എസ്.ആർ.ടി.സി ബസുകൾ അവിടെ പാർക്ക് ചെയ്യാതെ മടങ്ങിവരുകയാണെന്നും എസ്.പി മന്ത്രിയെ അറിയിച്ചു.
പൊലീസ് ഇത്തരത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വാഹനങ്ങൾ കടത്തിവിട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം മന്ത്രി ഏറ്രെടുക്കുമോ എന്ന് എസ്.പി ചോദിച്ചു. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് മന്ത്രി എസ്.പിയെ അറിയിച്ചു. ഇതിനിടെ ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണനും എസ്.പിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് രാധാകൃഷ്ണൻ ചോദിച്ചു. എന്നാൽ മന്ത്രി ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്നായിരുന്നു എസ്.പിയുടെ മറുപടി. അത്തരത്തിലുള്ള അധികാരം തനിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിലേക്ക് യാത്ര തുടർന്നു.