തിരുവനന്തപുരം: കെ.എസ്.യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തറവാട്ടിലെത്തിയ എം.ഐ ഷാനവാസ് പാർട്ടി പ്രവർത്തകർക്ക് 'ഷാജിക്ക'യായിരുന്നു. നേതാക്കളോടെന്നപോലെ അനുയായികളോടും വലിപ്പചെറുപ്പമില്ലാതെ ഇടപെട്ട ഷാനവാസിന്റെ സംഘടനാ പാടവവും വാക് ചാതുരിയുമാണ് ചെറുപ്പത്തിലേ അദ്ദേഹത്തെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുൻനിരയിലെത്തിച്ചത്. വിദ്യാർഥിയായിരിക്കെ കെഎസ്‌യുവിലൂടെയാണ് എം.ഐ. ഷാനവാസ് രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും എറണാകുളം ലോ കോളജിൽ നിന്ന് എൽ.എൽ.ബിയും നേടിയ ഷാനവാസ് യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ പദവികൾ അലങ്കരിച്ച ശേഷമാണ് സംസ്ഥാന കോൺഗ്രസിന്റെ അമരക്കാരിലൊരാളായത്. കഠിനപരീക്ഷണങ്ങൾ കളം നിറഞ്ഞാടിയ ജീവിതത്തെ ഒരു തികഞ്ഞ പോരാളിയെ പോലെ പൊരുതി തോൽപ്പിച്ചായിരുന്നു എം.ഐ. ഷാനവാസിന്റെ മുന്നേറ്റം.
തിരഞ്ഞെടുപ്പ് തോൽവികൾക്കും രോഗത്തിനുമൊന്നും ആ മനോവീര്യത്തെ തകർക്കാനായില്ല. രാഷ്ട്രീയവും വ്യക്തിപരവും ആരോഗ്യപരവുമായ പരീക്ഷണങ്ങൾ വീഴ്ത്താൻ നോക്കിയപ്പോഴെല്ലാം അദ്ദേഹം പൊരുതിക്കയറി. മരണം കാത്തിരുന്ന ആശുപത്രിക്കിടക്കയിൽനിന്ന് ധൈര്യപൂർവം പുഞ്ചിരിച്ച് കൊണ്ട് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഒരു റംസാൻ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു എം.ഐ. ഷാനവാസ് സ്വകാര്യ ആശുപത്രിയിൽ ചികിൽസക്കെത്തിയത്. എന്നാൽ ജീവിതത്തിൽ മറ്റൊരു പരീക്ഷണ കാലത്തിന് തുടക്കം കുറിയ്ക്കുകയാണെന്ന സൂചന പോലും അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നില്ല. വിദഗ്ദ്ധ പരിശോധനകൾക്കൊടുവിലാണ് പാൻക്രിയാസിന്റെ പുറംഭിത്തിയിൽ വളർച്ചയുണ്ടെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയ തീരുമാനിക്കുമ്പോഴാണ് കരളും പ്രശ്‌ന ബാധിതമാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധന വീണ്ടും നൽകിയത് മറ്റൊരു ആഘാതം. കരളിൽ അർബുദം എന്ന സംശയമാണ് ഡോക്ടർമാർ നൽകിയത്. കീമോതെറാപ്പി അടക്കമുള്ള ചികിത്സകൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുമ്പോൾ അർബുദം ഇല്ലെന്ന ആശ്വാസ വാർത്തയുമായി വിദഗ്ദ്ധ പരിശോധനാ റിപ്പോർട്ട് എത്തി. തുടർന്ന് മുംബയിലെ ആശുപത്രിയിലെ ചികിത്സയ്‌ക്കൊടുവിൽ സ്‌നേഹിക്കുന്നവർക്ക് സന്തോഷമേകി പുഞ്ചിരിയോടെ അദ്ദേഹം ജീവിതത്തിലേക്കു തിരിച്ചുവന്നു. ഒരിക്കൽ കൂടി രോഗം അദ്ദേഹത്തെ ആശുപത്രിക്കിടക്കയിൽ എത്തിക്കുമ്പോഴും സഹപ്രവർത്തകരും കുടുംബവും പുഞ്ചിരിച്ചുകൊണ്ടുള്ള മടങ്ങിവരവ് പ്രതീക്ഷിച്ചെങ്കിലും മറിച്ചായിരുന്നു വിധി.