തിരുവനന്തപുരം: കെ.കരുണാകരൻ കൈപിടിച്ചു വളർത്തിയ യുവനേതാക്കളിൽ പ്രമുഖനായിരുന്നു എം. ഐ ഷാനവാസ് . 21 ാം വയസിൽ കോഴിക്കോട് സർവകലാശാല യൂണിയൻ ചെയർമാനായാണ് ഷാനവാസ് ശ്രദ്ധിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധി അധികാരത്തിൽ നിന്ന് പുറത്തായി പ്രതിപക്ഷത്തിരിക്കുന്ന കാലം. പഴയ കേസുകൾ കുത്തിപ്പൊക്കിയ ജനതാ സർക്കാർ ഇന്ദിരാഗാന്ധിയെ അറസ്റ്ര് ചെയ്യുന്നു. എല്ലാം പ്രതികൂലം. അപ്പോഴേക്കും കേരളത്തിലെ യുവകോൺഗ്രസുകാർ മുഴുവൻ ഇന്ദിരയെ തള്ളിപ്പറഞ്ഞിരുന്നു. കേരളത്തിലാണെങ്കിൽ രാജൻകേസും അടിയന്തരാവസ്ഥയിലെ ക്രൂരതകളും പൊലീസ് പീഡനങ്ങളും ചുണ്ടിക്കാട്ടി കോൺഗ്രസുകാർ പോലും ഇന്ദിരയ്ക്കും കരുണാകരനുമെതിരായി.
അധികാരത്തിൽ നിന്ന് പുറത്തായി ഒരു വർഷം തികയുന്നതിന് മുമ്പെ 1978 ജനുവരിയിൽ കോൺഗ്രസ് പിളർന്നു. ഇന്ദിരയുടേത് ഒരു വിമത വിഭാഗം പോലെയായി. അവർ ഐ വിഭാഗമെന്നറിയപ്പെട്ടു. ചെറുപ്പക്കാരെല്ലാം ദേവരാജ് അർസിന്റെയും വൈ.ബി.ചവാന്റെയും ബ്രഹ്മാനന്ദറെഡ്ഡിയുടെയും നേതൃത്വം അംഗീകരിച്ചു. കേരളത്തിൽ എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും മറ്രു യുവജനനേതാക്കളുമെല്ലാം അവരുടെ കൂടെ. ഇന്ദിരയുടെ നേതൃത്വം അംഗീകരിച്ചിരുന്ന കെ.കരുണാകരന്റെ കൂടെ കാര്യമായി വിദ്യാർത്ഥി-യുവജന നേതാക്കളാരുമുണ്ടായിരുന്നില്ല. ആകെയുള്ളത് മുല്ലപ്പള്ളി മാത്രം. പിന്നെ ഷാനവാസും ജി.കാർത്തികേയനും. മുല്ലപ്പള്ളി യൂത്ത് കോൺഗ്രസിന്റെയും കാർത്തികേയൻ കെ.എസ്. യു വിന്റെയും പ്രസിഡന്റുമാരായി. അവരുടെ കൂടെ ഉറച്ചു നിന്നവരാണ് ഷാനവാസും രമേശ് ചെന്നിത്തലയും വാഴയ്ക്കനും ജോർജ്ജ് ഈഡനുമൊക്കെ.
കെ.എസ്. യു -യൂത്ത് കോൺഗ്രസ് നേതാക്കളെല്ലാം ആന്റണിയുടെ പിന്നിൽ പാറപോലെ ഉറച്ചുനിന്നപ്പോൾ കേരളമുടനീളം ഇന്ദിരാ കോൺഗ്രസ് സംഘടിപ്പിക്കാൻ ഓടി നടന്നവരിൽ പ്രമുഖനായിരുന്നു ഷാനവാസ്. അന്ന് ഷാനവാസ് ഇങ്ങനെ പറഞ്ഞു: ''69ൽ പിളർന്നപ്പോഴും ഇന്ദിരയുടെ വിഭാഗം വിമതരായിരുന്നു. പിന്നെ ഞങ്ങളായി ഔദ്യോഗിക കോൺഗ്രസ്. ഇപ്പോൾ നിങ്ങൾ ഞങ്ങളെ ഇന്ദിര ഗ്രൂപ്പെന്നും ഐയെന്നും പറയുന്നു. നാളെ നിങ്ങൾക്ക് മാറ്രിപ്പറയേണ്ടി വരും''. പിന്നീട് കാര്യങ്ങളെല്ലാം ഷാനവാസ് പറഞ്ഞതുപോലെയായി.
പക്ഷേ പിന്നീട് ഷാനവാസ് കെ.കരുണാകരനുമായും പിണങ്ങി. വളരെ ചെറുപ്പത്തിൽ തന്നെ വിദ്യാർത്ഥി യൂണിയൻ ചെയർമാനായിരുന്നെങ്കിലും പൊതുതിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു തോൽക്കുകയല്ലാതെ ജയിച്ചുവരാൻ ഷാനവാസിന് ദശാബ്ദങ്ങൾ കാത്തിരിക്കേണ്ടിവന്നു. രാഷ്ട്രീയത്തിൽ ഇനിയും ഒട്ടേറെ സഞ്ചരിക്കാനുണ്ടായിട്ടും വിധി ഷാനവാസിനെ അതിനനുവദിച്ചില്ല. ഒരിക്കൽ ആശുപത്രിക്കിടക്കയിൽ നിന്ന് മരണത്തിന്റെ കരാളഹസ്തങ്ങളെ അതിജീവിച്ച ഷാനവാസിന് ഇത്തവണ പിടിച്ചുനിൽക്കാനായില്ല. കോൺഗ്രസിലെ നൂറുകണക്കിന് സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി അദ്ദേഹം യാത്രയായി.